കൊച്ചി: പാലാരിവട്ടം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്തു തുടങ്ങി. ചോദ്യം ചെയ്യലിനായി വിജിലൻസ് സംഘം ഇബ്രാഹിംകുഞ്ഞ് ചികിത്സയിൽ കഴിയുന്ന സ്വകാര്യ ആശുപത്രിയിലെത്തി. അഞ്ച് മണിക്കൂറായിരിക്കും ചോദ്യം ചെയ്യൽ.
തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ യൂണിറ്റ് ഡി വൈ എസ് പി ശ്യാം കുമാറിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. ഓരോ മണിക്കൂറിലും പതിനഞ്ച് മിനിറ്റ് വിശ്രമം അനുവദിക്കണമെന്നും ശാരീരികമോ മാനസികമോ ആയി ബുദ്ധിമുട്ടിക്കരുതെന്നും മൂവാറ്റുപുഴ വിജിലൻസ് കോടതി നിർദേശം നല്‍കിയിട്ടുണ്ട്. രാവിലെ 9 മുതൽ 12 വരെയും ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെയുമാണ് സമയം ചോദ്യം ചെയ്യലിനായി വിജിലൻസിന് അനുമതി നല്‍കിയിരിക്കുന്നത്.
ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളിയ വിജിലൻസ് കോടതി കസ്റ്റഡിയിൽ വേണമെന്ന വിജിലൻസിന്റെ ആവശ്യവും തള്ളിയിരുന്നു. ഇതേ തുടർന്നാണ് ആശുപത്രിയിലെത്തി ചോദ്യം ചെയ്യാനുള്ള അനുമതി നൽകിയത്.
അര്‍ബുദബാധിതനായ ഇബ്രാഹിംകുഞ്ഞിന് നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ലഭിക്കുന്ന ചികിത്സയ്‌ക്ക് തുല്യമായ ചികിത്സ നല്‍കാന്‍ എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗകര്യമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസർ കോടതിയെ അറിയിച്ചിരുന്നു.
ആശുപത്രി മാറ്റണമെന്ന അപേക്ഷ പിന്‍വലിച്ച വിജിലന്‍സ് സ്വകാര്യ ആശുപത്രിയില്‍ തന്നെ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. കസ്റ്റഡി അപേക്ഷ തള്ളിയതോടെ ആശുപത്രിയിൽ ചോദ്യം ചെയ്യാനുള്ള അനുമതി ലഭിക്കുകയായിരുന്നു.
പാലാരിവട്ടം അഴിമതിക്കേസിൽ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്. ഇബ്രാഹിംകുഞ്ഞിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തിരുന്നു. നവംബർ 18 നാണ് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ ലേക്ക് ഷോർ ആശുപത്രിയിൽ എത്തിയാണ് ചികിത്സയിൽ കഴിയുന്ന ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് വിജിലൻസ് രേഖപ്പെടുത്തിയത്.