കൊച്ചി: പാലാരിവട്ടം പാലം മറ്റന്നാള്‍ തുറക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്. ഔദ്യോഗികമായ ചടങ്ങുകളുണ്ടാകില്ലെന്ന് മന്ത്രി ജി.സുധാരകന്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് ഔദ്യോഗിക പരിപാടികൾ ഇല്ലാതെ പാലം തുറന്നുകൊടുക്കുന്നത്.

ഏറെ രാഷ്ട്രീയ കോളിളക്കങ്ങൾ സൃഷ്‌ടിച്ച പാലാരിവട്ടം പാലത്തിന്റെ പുനഃനിർമാണം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. പാലത്തിന്റെ ഭാരപരിശോധനാ റിപ്പോര്‍ട്ട് ഡിഎംആർസി സർക്കാരിന് കൈമാറിയിരുന്നു. അവസാന വട്ട മിനുക്കുപണികളാണ് ഇപ്പോൾ നടക്കുന്നത്. ശനിയാഴ്‌ച മുതല്‍ എപ്പോൾ വേണമെങ്കിലും സര്‍ക്കാരിന് പാലം തുറന്നുകൊടുക്കാമെന്ന് ഡിഎംആര്‍സി അധികൃതര്‍ അറിയിച്ചിരുന്നു.

പാലം പുതുക്കിപ്പണിയാൻ കരാര്‍ നല്‍കുമ്പോൾ ഒൻപത് മാസത്തിനുള്ളിൽ പണി തീർക്കണമെന്നാണ് സർക്കാർ ഡിഎംആർസിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, പറഞ്ഞതിലും വേഗം പണി പൂർത്തിയായി. കരാര്‍ ഏറ്റെടുത്ത ഡിഎംആർസിയും ഊരാളുങ്കൽ ലേബര്‍ സൊസൈറ്റിയും ചേര്‍ന്ന് അഞ്ച് മാസവും 10 ദിവസവും കൊണ്ടാണ് പണി പൂർത്തിയാക്കിയത്.

Read Also: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നതായി കണക്കുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചിൽ താഴെ

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പാലാരിവട്ടം പാലം അഴിമതി ചർച്ചാ വിഷയമാക്കാനാണ് എൽഡിഎഫ് തീരുമാനം. പാലാരിവട്ടം പാലം പ്രതിസന്ധിയാകുമെന്നതിനാൽ വി.കെ. ഇബ്രാഹിംകുഞ്ഞിനെ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കേണ്ടെന്ന് യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.