കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതയില്‍ ഗൂഢാലോചന നടന്നെന്ന വിജിലന്‍സിന്റ വാദം തള്ളിക്കളയാനാവില്ലെന്ന് ഹൈക്കോടതി. കരാറുകാരായ ആര്‍ഡിഎസ് പ്രോജക്ട്‌സിന് കരാര്‍ ലഭ്യമാക്കാന്‍ ടെന്‍ഡറില്‍ തിരിമറി നടന്നെന്ന ആരോപണത്തില്‍ ആഴത്തിലുള്ള അന്വേഷണം വേണമെന്ന് കോടതി വ്യക്തമാക്കി. കരാര്‍ കമ്പനി എംഡി സുമിത് ഗോയല്‍, റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍മുന്‍ ഉദ്യോഗസ്ഥന്‍ എം ടി തങ്കച്ചന്‍, മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സുരജ് എന്നിവരുടെ ജാമ്യാപേക്ഷകള്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സുനില്‍ തോമസിന്റെ ഉത്തരവ്.
ആര്‍ഡിഎസ് പ്രോജക്റ്റ്സിന് കരാര്‍ ലഭ്യമാക്കാനും തൊട്ടടുത്ത കമ്പനിയെ ഒഴിവാക്കാനും ടെന്‍ഡര്‍ രേഖകളില്‍ തിരിച്ചറി നടത്തിയെന്ന വിജിലന്‍സിന്റെ വാദം തള്ളാനാവില്ല. ടെന്‍ഡറിലും ടെന്‍ഡര്‍ രജിസ്റ്ററിലും രേഖപ്പെടുത്തിയ കയ്യക്ഷരങ്ങള്‍ വ്യത്യസ്തമാണന്ന വിജിലന്‍സിന്റെ കണ്ടെത്തലില്‍ വിശദ പരിശോധന വേണമെന്നും കോടതി വ്യക്തമാക്കി.
കരാറിൽ വ്യവസ്ഥ ഇല്ലാതിരുന്നിട്ടും കരാറുകാരന് മുൻകൂർ പണം അനുവദിച്ചതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ക്രമവിരുദ്ധമായ ഇടപെടൽ ഉണ്ടായിട്ടുണ്ടന്നും കോടതി ചൂണ്ടിക്കാട്ടി .
അതേസമയം മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കരാർ കമ്പനി എംഡി സുമിത് ഗോയൽ, പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ.സൂരജ്, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ മുൻ ഉദ്യോഗസ്ഥൻ എം.ടി തങ്കച്ചൻ എന്നിവരുടെ ജാമ്യാപേക്ഷയാണു തള്ളിയത്. കിറ്റ്കോ ഉദ്യോഗസ്ഥൻ ബെന്നി പോളിനു കോടതി ജാമ്യം അനുവദിച്ചു.
Read More: പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിനെതിരെ പ്രത്യേക അന്വേഷണത്തിന് വിജിലൻസ്
അന്വേഷണം പുരോഗമിക്കുകയാണന്നും ഈ ഘട്ടത്തിൽ ജാമ്യം അനുവദിച്ചാൽ കേസിനെ ബാധിക്കുമെന്നുമുള്ള വിജിലൻസിന്റെ വാദം കണക്കിലെടുത്താണു മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്. സൂരജ് അടക്കമുള്ള മൂന്നു പ്രതികൾ 40 ദിവസമായി ജയിലിലാണ്.
ആർഡിഎസ് പ്രോസ്ട്രക്ട്സിനു സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ കമ്പനി എംഡിയും ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തി സർക്കാരിനു സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാണ് സൂരജ് അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരായ കേസ്. ആർഡിഎസ് കമ്പനിക്കു കരാർ ലഭ്യമാക്കാൻ ടെൻഡർ രേഖകളിൽ തിരിമറി നടത്തിയതായും കോടതിയിൽ വാദത്തിനിടെ വിജിലൻസ് വെളിപ്പെടുത്തിയിരുന്നു. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുമിത് ഗോയൽ സമർപ്പിച്ച ഹർജി കോടതി നാളെ പരിഗണിക്കും.
അതേസമയം കേസിൽ മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ പ്രത്യേക അന്വേഷണത്തിന് വിജിലൻസ് സർക്കാരിന്റെ അനുമതി തേടിയിരുന്നു. ഇതുവരെ നടന്നത് പൊതുവായ അന്വേഷണമാണെന്നും മന്ത്രി എന്ന നിലയിലുള്ള ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് പ്രത്യേകം അന്വേഷിക്കേണ്ടതുണ്ടെന്നും വിജിലൻസ് വ്യക്തമാക്കി.
കരാറുകാരനു ചട്ടം ലംഘിച്ചു വായ്പ അനുവദിക്കാന്‍ ആവശ്യപ്പെട്ടതിനു പിന്നില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനു ഗൂഢ ലക്ഷ്യമുണ്ടായിരുന്നുവെന്നു വിജിലന്‍സ് സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രത്യേക അന്വേഷണത്തിനും അനുമതി തേടിയത്. ചട്ടം ലഘിച്ച് കരാറുകാരനു വായ്പ അനുവദിച്ച് ഉത്തരവിട്ടതിനാണ് പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ.സൂരജിനെ അറസ്റ്റ് ചെയ്തത്. വായ്പ നല്‍കാന്‍ നിർദേശിച്ചത് അന്നു മന്ത്രിയായിരുന്ന വി.കെ.ഇബ്രാഹിം കുഞ്ഞാണ്.