കൊച്ചി: കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ ഒന്നാം പ്രതിയും കരാർ കമ്പനി ആർഡിഎസിന്റെ മാനേജിങ് ഡയറക്ടറുമായ സുമിത് ഗോയൽ ലാപ് ടോപ്പിന്റെ പാസ് വേഡ് വിജിലൻസിനു കൈമാറണമെന്നു ഹൈക്കോടതി.

സുമിത് ഗോയൽ അന്വേഷണവുമായി സഹകരിക്കുന്നില്ലന്നും ജീവനക്കാർ പാസ് വേഡ് കൈമാറുന്നില്ലന്നു പ്രോസിക്യൂഷൻ പറഞ്ഞിട്ടുണ്ടന്നും ഇക്കാര്യത്തിൽ ഉപാധികൾ
ഏർപ്പെടുത്താവുന്നതാണന്നും ചുണ്ടിക്കാട്ടിക്കാട്ടിയാണു കോടതി ഗോയൽ അടക്കമുള്ളവർക്കു ജസ്റ്റിസ് സുനിൽ തോമസ് ജാമ്യം അനുവദിച്ചത്.

സാമ്പത്തിക വിവരങ്ങൾ, ഇലക്ട്രോണിക് ട്രാൻസാക്ഷൻ വിവരങ്ങൾ, ഇതിനായി ഉപയോ ഗിച്ച ഹാർഡ് വെയർ – സോഫ്റ്റ് വെയർ ഉപകരണങ്ങളുടെ മുഴുവൻ വിവരങ്ങൾ എന്നിവ
പ്രതികൾ അന്വേഷണ ഏജൻസിക്കു കൈമാറണമെന്നതാണു ജാമ്യവ്യവസ്ഥകൾ.

കേസന്വേഷണവുമായി സഹകരിക്കണം, തെളിവുകൾ നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയവയാണ് പ്രതികൾക്കു ജാമ്യം അനുവദിക്കാൻ ഹെെക്കോടതി മുന്നോട്ടുവച്ച പ്രധാന ഉപാധികൾ. രണ്ട് ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ടാള്‍ ജാമ്യത്തിലുമാണ് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്.

പാലം അഴിമതിയില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങളിലെ വസ്തുതകള്‍ പൂര്‍ണമായും വെളിച്ചത്തുവന്നിട്ടില്ലന്നും ഇക്കാര്യത്തില്‍ സംശയമില്ലന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. പ്രതികള്‍ ഇക്കാലയളവില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പ്രോസിക്യൂഷന് തന്നെ പരാതിയില്ലന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിക്കുമ്പോള്‍ ഹാജരാവണം, പാസ്‌പോർട്ട് വിചാരണക്കോടതിയില്‍ 10 ദിവസത്തിനകം കെട്ടിവയ്ക്കണം. പാസ്ബുക്കുകൾ, ബാങ്ക് രേഖകള്‍, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, ഇലക്ടോണിക് രേഖകള്‍ എന്നിവ അന്വേഷണ ഏജന്‍സിക്ക് കൈമാറണം. പ്രതികള്‍ സംസ്ഥാനം വിട്ടു പോവുന്നുണ്ടങ്കില്‍ അക്കാര്യം അന്വേഷണ ഏജന്‍സിയെ അറിയിക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

രണ്ടാമത്തെ ജാമ്യാപേക്ഷയിലാണ് കരാർ കമ്പനി എം ഡി സുമിത് ഗോയൽ, പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ സൂരജ് , റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ ഉദ്യോഗസ്ഥൻ എം.ടി തങ്കച്ചൻ എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചത്. ആദ്യ ജാമ്യാപേക്ഷ തള്ളിയ ശേഷം സാഹചര്യങ്ങളിൽ മാറ്റമുണ്ടായെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതികൾ വീണ്ടും കോടതിയെ സമീപിച്ചത്.

Read More: പാലാരിവട്ടം പുനര്‍നിര്‍മാണം ഡിഎംആര്‍സിക്ക്; നഷ്ടം വന്ന തുക കരാറുകാരില്‍ നിന്ന് ഈടാക്കും

ഓഗസ്റ്റ് 30 നാണ് പ്രതികളെ മുവാറ്റുപുഴ വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്. അറുപത്തി അഞ്ചാം ദിവസമാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്.

അതേസമയം, പാലാരിവട്ടം മേല്‍പ്പാലം അതീവ ദുര്‍ബലമെന്ന് സംയുക്ത പരിശോധനാ സമിതി റിപ്പോര്‍ട്ട് സമർപ്പിച്ചു. പാലത്തിന്റെ ഗര്‍ഡറില്‍ 2183 വിള്ളലുകളുണ്ട്. ഇതില്‍ 99 എണ്ണവും മൂന്ന് മില്ലി മീറ്ററില്‍ കൂടുതല്‍ നീളമുള്ളതാണ്. ഇവ അതീവഗുരുതരമാണെന്നും പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നു. പാലത്തിലൂടെ ഭാരമേറിയ വാഹനം പോകുന്നത് വിള്ളല്‍ വര്‍ധിപ്പിക്കുമെന്നാണ് വിദ‌ഗ്‌ധ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നത്.

പാലത്തിന്റെ പുനര്‍നിര്‍മാണം ഡിഎംആർസിക്ക് നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. പാലം പുതുക്കിപ്പണിയണമെന്ന (ഡിഎംആര്‍സി ) ഡൽഹി മെട്രോ റെയിൽ കോർപറേഷൻ ഉപദേഷ്ടാവ് ഇ.ശ്രീധരന്റെ അഭിപ്രായം സ്വീകരിക്കണമെന്നുള്ള വിദ‌ഗ്‌ധ സമിതിയുടെ ശുപാർശ മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. പുതുക്കിപ്പണിതാല്‍ പാലത്തിന് 100 വര്‍ഷം ആയുസ് ലഭിക്കുമെന്നാണ് ശ്രീധരന്‍ സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ട്.

പാലത്തിന്റെ തകരാർ കാരണം നഷ്ടം വന്ന തുക ബന്ധപ്പെട്ട കരാറുകാരനില്‍നിന്ന് ഈടാക്കുന്നതിന് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷന് നിര്‍ദേശം നല്‍കും. പാലത്തിന്റെ പുനർനിർമാണം ഏറ്റെടുക്കാൻ തയാറാണെന്ന് ഡിഎംആർസി നേരത്തെ അറിയിച്ചിരുന്നു. ബലക്ഷയം വന്ന പാലത്തിന്റെ 17 സ്‌പാനുകൾ നീക്കി പുതിയത് സ്ഥാപിക്കണമെന്നും ഇതിനായി 18.71 കോടി രൂപ ചെലവ് വരുമെന്നും പാലം പരിശോധിച്ച ശേഷം ശ്രീധരൻ പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ഇ.ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്‌ധ സംഘം പാലാരിവട്ടം മേൽപ്പാലം പരിശോധിച്ചത്. പാലത്തിന് കാര്യമായ രീതിയിൽ ബലക്ഷയമുണ്ടെന്നും അതിവേഗം പുനർനിർമിക്കണമെന്നും വിദഗ്‌ധ സംഘം സർക്കാരിനെ അറിയിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.