കൊച്ചി: പുതുക്കിപ്പണിത പാലാരിവട്ടം മേൽപ്പാലത്തിന്റെ ഉദ്ഘാടനം ഉടൻ. ഏറെ രാഷ്ട്രീയ കോളിളക്കങ്ങൾ സൃഷ്ടിച്ച പാലാരിവട്ടം പാലത്തിന്റെ പുനഃനിർമാണം പൂർത്തിയായി. ഇന്ന് ഉച്ചയ്ക്ക് മുൻപായി പാലത്തിന്റെ ഭാരപരിശോധനാ റിപ്പോര്‍ട്ട് ഡിഎംആർസി സർക്കാരിന് കൈമാറും. നാല് ദിവസമായി നടക്കുന്ന ഭാരപരിശോധന ഉച്ചയോടെ പൂര്‍ത്തിയാകും. തുടര്‍ന്ന് പരിശോധന റിപ്പോര്‍ട്ട് പൊതുമരാമത്ത് വകുപ്പിനും റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്‍പറേഷനും കൈമാറും. ശേഷിക്കുന്ന മിനുക്കുപണികൾ ദിവസങ്ങൾക്കുള്ളിൽ തീർക്കും.
ശനിയാഴ്ച മുതല്‍ എപ്പോൾ വേണമെങ്കിലും സര്‍ക്കാരിന് പാലം തുറന്നുകൊടുക്കാമെന്ന് ഡിഎംആര്‍സി അധികൃതര്‍ അറിയിച്ചു. പാലം പുതുക്കിപ്പണിയാൻ കരാര്‍ നല്കുമ്പോൾ ഒൻപത് മാസത്തിനുള്ളിൽ പണി തീർക്കണമെന്നാണ് സർക്കാർ ഡിഎംആർസിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, പറഞ്ഞതിലും വേഗം പണി പൂർത്തിയായി. കരാര്‍ ഏറ്റെടുത്ത ഡിഎംആർസിയും ഊരാളുങ്കൽ ലേബര്‍ സൊസൈറ്റിയും ചേര്‍ന്ന് അഞ്ച് മാസവും 10 ദിവസവും കൊണ്ടാണ് പണി പൂർത്തിയാക്കിയത്.
Read Also: കർഷക സമരം: പഞ്ചാബിൽ ഐപിഎൽ നടക്കില്ലേ? ബിസിസിഐയ്ക്ക് പേടി
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ മേൽപ്പാലം ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങില്ലാതെ തുറന്നുകൊടുക്കാനാണ് സാധ്യത. അവസാനവട്ട പണികൾ തീർത്തു പാലം കൈമാറിയാൽ അടുത്ത ദിവസം തന്നെ ഉദ്ഘാടനം നടത്താമെന്ന കണക്കുകൂട്ടലിലായിരുന്നു സർക്കാർ. എന്നാൽ തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചതോടെ പ്രത്യേക അനുമതി വാങ്ങി പാലം ഗതാഗതത്തിനു തുറക്കാനുള്ള സാധ്യതയാണു പൊതുമരാമത്ത് വകുപ്പ് ആരായുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പാലാരിവട്ടം പാലം അഴിമതി ചർച്ചാ വിഷയമാക്കാനാണ് എൽഡിഎഫ് തീരുമാനം. പാലാരിവട്ടം പാലം പ്രതിസന്ധിയാകുമെന്നതിനാൽ വി.കെ. ഇബ്രാഹിംകുഞ്ഞിനെ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കേണ്ടെന്ന് യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.