ന്യൂഡൽഹി: പാലാരിവട്ടം പാലം ഉടൻ പൊളിക്കാൻ അനുവദിക്കണമെന്ന സംസ്ഥാനസർക്കാരിന്റെ ആവശ്യത്തിൽ രണ്ടാഴ്ചയ്ക്കുശേഷം തീരുമാനമെന്ന് സുപ്രീംകോടതി. അന്തിമ വാദം കേട്ട ശേഷമായിരിക്കും ഇക്കാര്യത്തിൽ കോടതി തീരുമാനത്തിലെത്തുക. അതുവരെ തൽസ്ഥിതി തുടരും.

പാലം പൊളിച്ച് പുതിയത് പണിയണമെന്ന ഇ ശ്രീധരന്റെ ശിപാർശ സർക്കാർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. പാലം അടച്ചിട്ടിരിക്കുന്നത് പൊതു ജനങ്ങൾക്ക് വലിയ രീതിയിൽ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും കേരളത്തിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ തൽസ്ഥിതി തുടരണമെന്ന ഉത്തരവ് ഭേദഗതി ചെയ്യാനുള്ള അപേക്ഷ പരിഗണിക്കണമെന്നും അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു.

അതേസമയം സർക്കാരിന്റെ അപേക്ഷയിൽ ഇപ്പോൾ തീരുമാനമെടുക്കുന്നത് അന്തിമ തീരുമാനത്തിലെത്തുന്നതിന് സമമാണെന്ന് കോടതി നീരീക്ഷിച്ചു. അതിനാൽ രണ്ടാഴ്ചയ്ക്കു ശേഷം കേസില്‍ അന്തിമ വാദം കേട്ട് തീര്‍പ്പു കല്പിക്കാമെന്ന് കോടതി വ്യക്തമാക്കി.

പാലാരിവട്ടം പാലം ഒരുവർഷമായി അടഞ്ഞുകിടക്കുന്നത് മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതം കണക്കിലെടുത്ത് കേസിൽ അതിവേഗം തീർപ്പുണ്ടാക്കണമെന്നാണ് സുപ്രീംകോടതിക്ക് നൽകിയ കത്തിൽ സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. പാലത്തിന്മേൽ ഭാരപരിശോധന നടത്തണമെന്നാണ് ഹെെക്കോടതി വിധി. ഭാര പരിശോധന നടത്തിയ ശേഷമേ പൊളിച്ചുനീക്കൽ അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കാവൂയെന്ന് വിധിയിൽ പറയുന്നത്.

വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. പാലം പൊളിച്ചുനീക്കി പുതിയ പാലം നിർമിക്കണമെന്നാണ് സർക്കാർ നിലപാട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.