തിരുവനന്തപുരം: പാലാരിവട്ടം പാലം പുനർനിർമാണം എട്ടു മാസത്തിനകം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ഇ ശ്രീധരന് ആയിരിക്കും പാലത്തിന്റെ നിര്‍മാണ മേല്‍നോട്ട ചുമതലയെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നി‍ർമ്മാണ മേൽനോട്ടം ഏറ്റെടുക്കാം എന്ന് ഇ.ശ്രീധരൻ സമ്മതിച്ചിട്ടുണ്ട്. എട്ട് മാസം കൊണ്ട് പണി പൂർത്തിയാവും എന്നാണ് അദ്ദേഹം പറയുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

“ഗതാഗതത്തിനായി തുറന്നുകൊടുത്ത് ഒരു വര്‍ഷത്തിനുള്ളില്‍ പാലത്തില്‍ വിളളലുകള്‍ ശ്രദ്ധയില്‍ പെട്ടു. ഇതിനെ തുടര്‍ന്നാണ് പാലം പരിശോധനയ്ക്ക് സര്‍ക്കാര്‍ തയ്യാറായത്. പ്രാഥമിക പരിശോധനയില്‍ തന്നെ ഗുരുതരമായ അപാകത കണ്ടെത്തി. തുടര്‍ന്ന് വിശദ പരിശോധനയ്ക്കായി ഇ ശ്രീധരനേയും മദ്രാസ് ഐഐടിയെയും ചുമതലപ്പെടുത്തി. കേവലം പുനരുദ്ധാരണം കൊണ്ട് പാലത്തെ ശക്തിപ്പെടുത്താന്‍ മതിയാകില്ലെന്നും സ്ഥായിയായ പരിഹാരമെന്ന നിലയില്‍ പൊളിച്ചു പണിയുന്നതാണ് നല്ലതെന്നും ഇ. ശ്രീധരന്‍ നിര്‍ദേശിച്ചു, ” മുഖ്യമന്ത്രി പറഞ്ഞു. ഈ മേഖലയില്‍ വൈദഗ്ധ്യവും പാരമ്പര്യവുമുളള ഇ ശ്രീധരന്റെ നിര്‍ദേശം സര്‍ക്കാര്‍ സ്വീകരിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More: കോഴിക്കോട്-വയനാട് തുരങ്കപാത: നൂറു ദിന പരിപാടിയിൽ ഉൾപ്പെടുത്തി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

പാലാരിവട്ടം പാലം പൊളിച്ചുപണിയാൻ സംസ്ഥാന സർക്കാരിനു സുപ്രീം കോടതി അനുമതി നൽകിയിരുന്നു. ഭാരപരിശോധന നടത്തിയ ശേഷമേ പൊളിക്കാവൂ എന്ന ഹൈക്കോടതി ഉത്തരവ് ചൊവ്വാഴ്ച സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ആർഎഫ് നരിമാൻ അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി.

ഭാരപരിശോധന വേണമെന്ന ഹൈക്കോടതി ഉത്തരവിനെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ എതിർത്തിരുന്നു. പാലം അഴിമതി അന്വേഷണം തടസപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും ഭാരപരിശോധന വേണമെന്ന നിലപാട് കരാറുകാരനെ സഹായിക്കാനാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.

Read More: സിബിഎസ്ഇ സ്കൂളുകളിൽ ഫീസ് നിർണയിക്കുന്നതിന്റെ മാനദണ്ഡം: ഹൈക്കോടതി നിലപാട് തേടി

പാലാരിവട്ടം പാലം ഉടൻ പൊളിച്ചുപണിയണമെന്നും പാലം പൊളിക്കുന്നതിനുള്ള വിലക്ക് നീക്കണമെന്നും ആവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയിൽ കത്ത് നൽകിയിരുന്നു. പാലാരിവട്ടം പാലം കഴിഞ്ഞ ഒരുവർഷമായി അടഞ്ഞുകിടക്കുന്നത് മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതം കണക്കിലെടുത്ത് കേസിൽ അതിവേഗം തീർപ്പുണ്ടാക്കണമെന്നാണ് സുപ്രീംകോടതിക്ക് നൽകിയ കത്തിൽ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.