കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ കേസ് ഡയറി ഹാജരാക്കാൻ മുവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടു. കേസിലെ അഞ്ചാം പ്രതി മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന്റെ കസ്റ്റഡി അപേക്ഷയിലാണ് വിജിലൻസിന് കോടതിയുടെ നിർദേശം. ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില പരിശോധിക്കാൻ സർക്കാർ ഡോക്ടർമാർ ഉൾപ്പെട്ട മെഡിക്കൽ ബോർഡ് രൂപീകരിക്കാനും ആരോഗ്യനില സംബന്ധിച്ച വിശദാംശങ്ങൾ തിങ്കളാഴ്ച അറിയിക്കാനും കോടതി നിർദേശിച്ചു. കേസ് കോടതി 24 ലേക്ക് മാറ്റി.
ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയെ വിജിലൻസ് എതിർത്തു. പ്രതി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്നും വിജിലൻസ് ബോധിപ്പിച്ചു. പാലം നിർമാണത്തിൽ മന്ത്രി എന്ന നിലയിൽ ഇബ്രാഹിംകുഞ്ഞിന് ഉത്തരവാദിത്തമുണ്ടായിരുന്നും ഗൂഢാലോചനയിൽ പങ്കുണ്ടെന്നും വിജിലൻസ് വ്യക്തമാക്കി.
Also Read: പാലാരിവട്ടം പാലം അഴിമതിക്കേസ്: ഇബ്രാഹിം കുഞ്ഞ് 14 ദിവസത്തെ റിമാൻഡിൽ
കമ്മീഷനായി ലഭിച്ച തുക ചന്ദ്രിക പത്രത്തിൽ നിക്ഷേപം നടത്തി. ഇബ്രാഹിം കുഞ്ഞ് റോഡ് ഫണ്ട് ബോർഡ് വൈസ് ചെയർമാനുമായിരുന്നു. റോഡ് ഫണ്ട് ബോർഡിൽനിന്നാണ് റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന് പണം അനുവദിച്ചത്. ഫണ്ടിങ് ഏജൻസിയായ റോഡ് ഫണ്ട് ബോർഡിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിയാനാകില്ല. കമ്മീഷൻ കിട്ടിയ തുകയെക്കുറിച്ച് അന്വേഷണം നടക്കുകയാണന്നും വിജിലൻസ് കോടതിയെ അറിയിച്ചു.
Also Read: സിബിഐ അന്വേഷണങ്ങള്‍ക്ക് സംസ്ഥാന സർക്കാർ അനുമതി നിര്‍ബന്ധം: സുപ്രീംകോടതി
ആശുപത്രിയിലായതിനാൽ കസ്റ്റഡിയിൽ വിടാൻ കഴിയില്ലന്ന് പ്രതിഭാഗം ബോധിപ്പിച്ചു. പ്രതി ഇപ്പോഴും ചികിത്സയിലാണ്. ആശുപത്രിയിൽ നിന്നും വിടുതൽ റിപ്പോർട്ട് കിട്ടേണ്ടതുണ്ടന്നും കുറച്ചു രേഖകൾ കൂടി ഹാജരാക്കാൻ സമയം വേണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.
അതേസമയം കേസിൽ ഇന്ന് ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി. പാലം രൂപകല്‍പനചെയ്ത കണ്‍സല്‍ട്ടന്‍സിയുടെ ഉടമയായ വി.വി നാഗേഷാണ് അറസ്റ്റിലായത്. വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ആര്‍ബിഡിസികെ എംഡി ആയിരിക്കെ വായ്പ അനുവദിക്കാന്‍ കൂട്ടുനിന്നെന്നാണ് കേസ്.