കൊച്ചി: പാലാരിവട്ടം പാലത്തിന്റെ പുനർനിർമാണം അറുപത് ശതമാനം പൂർത്തിയായെന്ന് സർക്കാർ. നിർമാണം മെയ് മാസത്തിൽ പൂർത്തിയാക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. പാലത്തിന്റെ ഭാരപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് നിർമാതാക്കളായ ആർഡി എസ് പ്രോജക്ടും എൻജിനീയർമാരുടെ സംഘടനയും മറ്റും നേരത്തെ സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസ് എം.എസ്.മണികുമാറും ജസ്റ്റിസ് ഷാജി.പി. ചാലിയും അടങ്ങുന്ന ബഞ്ച് തീർപ്പാക്കി. പാലം പൊളിക്കാൻ സുപ്രീം കോടതി അനുമതി നൽകിയതോടെ ആവശ്യങ്ങൾ അപ്രസക്തമായെന്ന് കോടതി വ്യക്തമാക്കി.

Also Read: പാലാരിവട്ടം പാലം അഴിമതി: വി.കെ ഇബ്രാഹിംകുഞ്ഞിന് ജാമ്യം

നിർമാണ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് പാലം പൊളിച്ചുപണിയാൻ തീരുമാനിച്ചത്. ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്റെ മേൽനോട്ടത്തിലാണ് മേൽപ്പാലത്തിന്റെ പുനർനിർമാണം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് കരാർ.

Also Read: Kerala Budget 2021: നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് പത്ത് കിലോ അരി 15 രൂപയ്ക്ക്, സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരും

പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഡിഎംആര്‍സിക്ക് പണം തരേണ്ടതില്ലെന്ന് ഇ.ശ്രീധരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സർക്കാർ മുമ്പ് നൽകിയ കരാറുകളിൽനിന്നുള്ള മിച്ചമായി 17.4 കോടി രൂപ ഉപയോഗിച്ചാണ് നിർമാണം നടത്തുന്നത്.

Also Read: പാട്ടും പറച്ചിലുമായി ഐസക്; ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം, റെക്കോർഡ്

അതേസമയം, പാലം അഴിമതി കേസിൽ പ്രതിയായ മുൻമന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യസ്ഥിതി പരിഗണിച്ചാണ് ജാമ്യം. പാസ്പോർട്ട് വിചാരണക്കോടതിയിൽ കെട്ടിവെയ്ക്കണം. അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ ജില്ല വിട്ടു പോവരുത്. രണ്ട് ലക്ഷം രൂപയുടെ ബോണ്ട് എന്നീ വ്യവസ്ഥകളാടെയാണ് ജാമ്യം അനുവദിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.