കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉൾപ്പടെയുള്ള തുടർനടപടികളിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിലെ പ്രതിയും മുന്‍ പൊതുമരാമത്ത് സെക്രട്ടറിയുമായ ടി ഒ സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വി.കെ.ഇബ്രാഹിംകുഞ്ഞിനെതിരായ നീക്കം.
വി.കെ.ഇബ്രാഹിംകുഞ്ഞിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് വിജിലന്‍സ് പറയുന്നത്. ക്രമക്കേട് നടന്നത് ഇബ്രാഹിം കുഞ്ഞിന്റെ അറിവോടെയാണെന്ന് സൂരജ് മാധ്യമങ്ങളോട് പറഞ്ഞു. തുക മുൻകൂർ നൽകാൻ ഉത്തരവിട്ടത് മന്ത്രി തന്നെയാണ്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ കേരളയുടെ എംഡിയായിരുന്ന മുഹമ്മദ് ഹനീഷാണ് തുക അനുവദിക്കാൻ ശുപാർശ ചെയ്തതെന്നും സൂരജ് പറഞ്ഞു.
Also Read: സൂരജ് പ്രശ്നക്കാരന്‍, ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ചെയ്തത്: മന്ത്രി ജി.സുധാകരന്
അതേസമയം സൂരജ് അടക്കമുള്ള പ്രതികളുടെ കസ്റ്റഡി കാലാവധി ഒക്ടോബർ മൂന്ന് വരെ നീട്ടി. പാലാരിവട്ടം മേല്‍പ്പാലത്തിലേത് സാങ്കേതിക പിഴവ് മാത്രമാണെന്ന് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. നൂറ് ശതമാനം ആളുകള്‍ക്കും ഇത് വ്യക്തമായിട്ടുണ്ട്. മുന്‍കൂറായി പണം നല്‍കുന്നത് സര്‍ക്കാര്‍ പോളിസിയാണ്. ഇടപ്പള്ളി മേല്‍പ്പാല നിര്‍മ്മാണത്തിനും മുന്‍കൂര്‍ പണം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.
Also Read: ഓണം ബംപര്‍: കോടിപതികൾ ആറ് പേര്, സമ്മാനം ഒന്നിച്ചെടുത്ത ടിക്കറ്റിന്
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വിജിലന്‍സ് അന്വേഷണം തുടരട്ടെയെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും പറഞ്ഞു. കേസന്വേഷണം മുന്നോട്ടുപോകണമെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു. ടി.ഒ.സൂരജ് ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ചെയ്തത്. സൂരജ് പ്രശ്നക്കാരനാണ്. കരാര്‍ കമ്പനിക്ക് മുന്‍കൂര്‍ പണം നല്കുന്ന ഏര്‍പ്പാടൊന്നുമില്ല. അത് തെറ്റാണ്. സൂരജിന്റെ 24 ഉത്തരവുകള്‍ പലപ്പോഴായി താന്‍ റദ്ദാക്കിയിട്ടുണ്ടെന്നും മന്ത്രി ജി.സുധാകരന് പറഞ്ഞു.