കൊച്ചി: പാലാരിവട്ടം പാലം നിർമാണ കരാർ സുമിത് ഗോയലിന്റെ ആർഡിഎസ് കമ്പനിക്കു ലഭ്യമാക്കാൻ ടെൻഡർ രേഖകൾ അട്ടിമറിച്ചെന്നു വിജിലൻസ്. ടി.ഒ.സൂരജ് അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയിലെ വാദത്തിനിടെയാണ് വിജിലൻസ് രേഖകൾ സഹിതം അട്ടിമറി നടന്നതായി കോടതിയെ അറിയിച്ചത്. ടെൻഡർ രജിസ്റ്ററും ടെൻഡർ രേഖകളും തമ്മിൽ പൊരുത്തക്കേടുണ്ടെന്നും രജിസ്റ്ററിൽനിന്നു വ്യത്യസ്തമായി ടെൻഡർ രേഖകളിൽ പിന്നീട് തുക എഴുതിച്ചേർത്തതായും വിജിലൻസ് അറിയിച്ചു.
കുറഞ്ഞ തുക ക്വാട്ട് ചെയ്ത ചെറിയാൻ വർക്കി കൺസ്ട്രക്ഷൻസിനെ ഒഴിവാക്കാനാണ് രേഖകളിൽ കൃത്രിമം നടത്തിയതെന്നും വിജിലൻസ് വ്യക്തമാക്കി. ടെൻഡർ രജിസ്റ്ററിൽനിന്നു വ്യത്യസ്തമായി ടെൻഡറിൽ കുട്ടിച്ചേർക്കൽ നടത്തുമ്പോൾ, കൂട്ടിച്ചേർക്കലും തിരുത്തും നടത്തുന്ന ഉദ്യോഗസ്ഥൻ ഒപ്പിടണമെന്നും എന്നാൽ ടെൻഡർ രേഖയിൽ ഉദ്യോഗസ്ഥന്റെ ഒപ്പില്ലെന്നും വിജിലൻസ് കണ്ടെത്തി.
പാലത്തിനും അനുബന്ധ സൗകര്യ നിർമാണങ്ങൾക്കുമായി ആർഡിഎസ് കമ്പനി ക്വാട്ട് ചെയ്തത് 47.68 കോടിയായിരുന്നു. ചെറിയാൻ വർക്കി കൺസ്ട്രക്ഷൻസ് ക്വാട്ട് ചെയ്തത് 42 കോടിയും. ചെറിയാൻ വർക്കി കൺസ്ട്രക്ഷൻസിനെ ഒഴിവാക്കാൻ 13.4 ശതമാനം തുക കുറച്ച് കരാർ ഏറ്റെടുക്കാമെന്ന് ആർഡിഎസിനു വേണ്ടി ടെൻഡറിൽ രേഖപ്പെടുത്തിയെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. 13. 4 ശതമാനം തുക കുറയ്ക്കാമെന്ന വാഗ്‌ദാനം ടെൻഡറിൽ വന്നതോടെ ആർഡിസിന്റെ കരാർ തുക 41.28 കോടിയായി കുറഞ്ഞതായും വിജിലൻസ് വ്യക്തമാക്കി. ജാമ്യ ഹർജിയിൽ തുടർവാദം വ്യാഴാഴ്ച നടക്കും.