തിരുവനന്തപുരം: പാലാരിവട്ടം പാലം പുതുക്കി പണിയാൻ സർക്കാർ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷമാണ് പാലം പൊളിച്ച് പണിയാൻ തീരുമാനിച്ചത്. ഇ.ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു. അതേസമയം, ചെന്നൈ ഐഐടി സംഘം സമർപ്പിച്ച റിപ്പോർട്ടിൽ അവ്യക്തതയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒക്ടോബർ ആദ്യവാരം തന്നെ പാലം പൊളിച്ച് പണിയാൻ ആരംഭിക്കും. ഒരു വർഷം കൊണ്ട് പണി പൂർത്തിയാക്കാനാണ് തീരുമാനം. ഇ.ശ്രീധരന്റെ മേൽനോട്ടത്തിൽ തന്നെയാണ് പണി നടക്കുക. പാലം പണിയാൻ അന്നത്തെ മന്ത്രിമാർ നടത്തിയത് കോടികളുടെ അഴിമതിയെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Also Read: ഈ പണി പോരാ!: പാലാരിവട്ടം മേല്‍പ്പാലം പുതുക്കി പണിയണം
പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മാണത്തില്‍ ഗുരുതര വീഴ്ചകളുണ്ടെന്ന് വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു. മേല്‍പ്പാലം അതീവ ഗുരുതരാവസ്ഥയിലാണ്. അറ്റകുറ്റ പണികള്‍ കൊണ്ട് കാര്യമില്ലെന്നും പാലം പൂര്‍ണമായും പുതുക്കി പണിയണമെന്നും വിജിലന്‍സ് തയ്യാറാക്കിയ എഫ്ഐആറില്‍ വ്യക്തമാക്കിയിരുന്നു.
പാലത്തിന്റെ നിര്‍മാണത്തിനുപയോഗിച്ചത് നിലവാരമില്ലാത്ത സിമന്റാണെന്നും ആവശ്യത്തിനു കമ്പികള്‍ ഉപയോഗിച്ചില്ലെന്നും വിജിലന്‍സ് തയ്യറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കരാറുകാരെയും ഉദ്യോഗസ്ഥരെയും പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോർപറേഷനിലെയും കിറ്റ്‌കോയിലെയും ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് കേസെടുത്തത്. നിര്‍മാണത്തിന്റെ കരാറുകാരായ ആര്‍ഡിഎസ് കമ്പനി എംഡി സുമിത് ഗോയലാണ് കേസിലെ ഒന്നാംപ്രതി. പാലത്തിന്റെ രൂപരേഖ തയ്യാറാക്കിയ ബെംഗളൂരുവിലെ നാഗേഷ് കണ്‍സള്‍ട്ടന്റ്സ് രണ്ടാം പ്രതിയാണ്.