കൊച്ചി: പാലാരിവട്ടം മേൽപ്പാല അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് അഞ്ചാം പ്രതി. വിജിലൻസാണ് ഇബ്രാഹിംകുഞ്ഞിനെ പ്രതി ചേർത്തത്. ഇബ്രാഹിം കുഞ്ഞിനെ പ്രതി ചേർത്ത് വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ഇബ്രാഹിം കുഞ്ഞിന്റെ ആലുവയിലെ വീട്ടിൽ വിജിലൻസ് റെയ്ഡ് നടന്നു. മൂവാറ്റുപ്പുഴ വിജിലൻസ് കോടതിയുടെ അനുമതിയോടെയായിരുന്നു റെയ്‌ഡ്. പാലാരിവട്ടം മേൽപ്പാല അഴിമതി കേസുമായി ബന്ധപ്പെട്ട് മൂന്ന് തവണ വിജിലൻസ് ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്‌തിട്ടുണ്ട്. ഫെബ്രുവരി 29 നു ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്‌തു വിട്ടയച്ചിരുന്നു.
Read Also: Kerala Weather: മാർച്ച് 13 വരെ ചിലയിടങ്ങളിൽ നേരിയ മഴയെന്ന് കാലാവസ്ഥ വകുപ്പ്
നേരത്തെ നടത്തിയ ചോദ്യം ചെയ്യലിൽ ഇബ്രാംഹിംകുഞ്ഞ് നല്‍കിയ പല മൊഴികളിലും പൊരുത്തക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് ഫെബ്രുവരി 29 ന് വീണ്ടും ചോദ്യം ചെയ്‌തത്. പാലാരിവട്ടം അഴിമതിയിൽ കരാറുകാരന് മുൻകൂർ പണം അനുവദിച്ചതിൽ ഇബ്രാഹിം കുഞ്ഞിനും പങ്കുണ്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ക്രമക്കേട് നടന്നത് ഇബ്രാഹിം കുഞ്ഞിന്റെ അറിവോടെയാണെന്ന് മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ.സൂരജും വെളിപ്പെടുത്തിയിരുന്നു.
Read Also: കോവിഡ് 19: സൗദിയില്‍ മലപ്പുറം സ്വദേശി നിരീക്ഷണത്തില്‍
കരാർ കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കാന്‍ അനുമതി നല്‍കിയത് അന്ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞാണെന്നും കരാര്‍ വ്യവസ്ഥയില്‍ ഇളവ് ചെയ്യാനും കോടിക്കണക്കിന് രൂപ പലിശ ഇല്ലാതെ മുന്‍കൂറായി പണം നല്‍കാനും ഉത്തരവിട്ടത് ഇബ്രാഹിം കുഞ്ഞാണെന്നും ടി.ഒ.സൂരജ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.