കൊച്ചി: പാലാരിവട്ടം മേൽപ്പാലം പണിയിലെ ക്രമക്കേടിൽ പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ.സൂരജിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. പാലം പണിത നിർമാണക്കമ്പനിയായ ആർഡിഎസ് പ്രൊജക്ട്സിന്റെ എംഡി സുമീത് ഗോയൽ, കിറ്റ്‍കോയുടെ മുൻ എംഡി ബെന്നി പോൾ, ആർബിഡിസികെ അസിസ്റ്റന്റ് ജനറൽ മാനേജർ പി.ഡി.തങ്കച്ചൻ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

കേസിലെ ആദ്യ അറസ്റ്റിൽ തന്നെ ഉദ്യോഗസ്ഥരിലെ ഉന്നതരെയാണ് വിജിലൻസ് പിടികൂടിയിരിക്കുന്നത്. കേരള റോഡ്‍സ് ആന്‍ഡ് ബ്രിഡ്‍ജസ് കോർപറേഷൻ മുന്‍ എംഡി മുഹമ്മദ് ഹനീഷ് ഉൾപ്പടെ കേസിലാകെ 17 പ്രതികളാണുള്ളത്. കേസുമായി ബന്ധപ്പെട്ട് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെയും വിജിലൻസ് ചോദ്യം ചെയ്തിരുന്നു.

Read Also: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസ്: മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തു

അഴിമതി, വഞ്ചന, ഗൂഢാലോചന, ഫണ്ട് ദുർവിനിയോഗം എന്നീ കുറ്റങ്ങളാണ് നാല് പ്രതികൾക്കുമെതിരെ ചുമത്തിയിരിക്കുന്നത്. കരാറുകാരും സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പടെയുള്ളവരാണ് കേസിലെ മറ്റ് പ്രതികൾ. ടി.ഒ.സൂരജ് അടക്കം നാല് പ്രതികളെയും വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും.

2014 ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്‌പീഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാലാരിവട്ടത്ത് മേൽപ്പാലം പണിയാനുള്ള അനുമതി നൽകിയത്. നിർമാണ മേല്‍നോട്ടം വഹിച്ചത് കേരള റോഡ്‍സ് ആന്‍ഡ് ബ്രിഡ്‍ജസ് കോർപറേഷനായിരുന്നു. ആര്‍ഡിഎസ് പ്രോജക്ടിനെ നിർമാണച്ചുമതല ഏല്‍പ്പിച്ചു. 2016 ഒക്ടോബര്‍ 12 നായിരുന്നു പാലം തുറന്നുകൊടുത്തത്. പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തിയ ശേഷമായിരുന്നു പാലത്തിന്റെ ഉദ്ഘാടനം. പാലത്തിന്റെ നിർമാണച്ചെലവ് 42 കോടിയായിരുന്നു. 2017 ജൂലൈയിലാണ് പാലത്തില്‍ കുഴികളുണ്ടായതായി ആദ്യം ശ്രദ്ധയിൽപ്പെടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.