ന്യൂഡൽഹി: പാലാരിവട്ടം പാലം പൊളിച്ചുപണിയാൻ സംസ്ഥാന സർക്കാരിനു സുപ്രീം കോടതി അനുമതി നൽകി. ഭാരപരിശോധന നടത്തിയ ശേഷമേ പൊളിക്കാവൂ എന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ആർ.എഫ്.നരിമാൻ അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി. ഭാരപരിശോധന വേണമെന്ന ഹൈക്കോടതി ഉത്തരവിനെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ എതിർത്തു. പാലം അഴിമതി അന്വേഷണം തടസപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും ഭാരപരിശോധന വേണമെന്ന നിലപാട് കരാറുകാരനെ സഹായിക്കാനാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.

Read Also: വിചാരണ നേരിടുന്ന മന്ത്രിമാർ രാജിവച്ച് ജനങ്ങളോട് മാപ്പ് പറയണം: വി.ഡി സതീശൻ

പാലാരിവട്ടം പാലം ഉടൻ പൊളിച്ചുപണിയണമെന്നും പാലം പൊളിക്കുന്നതിനുള്ള വിലക്ക് നീക്കണമെന്നും ആവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയിൽ കത്ത് നൽകിയിരുന്നു. പാലാരിവട്ടം പാലം കഴിഞ്ഞ ഒരുവർഷമായി അടഞ്ഞുകിടക്കുന്നത് മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതം കണക്കിലെടുത്ത് കേസിൽ അതിവേഗം തീർപ്പുണ്ടാക്കണമെന്നാണ് സുപ്രീംകോടതിക്ക് നൽകിയ കത്തിൽ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നത്.

Read Also: നിയമസഭാ കയ്യാങ്കളി: കേസ് പിൻവലിക്കണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി

അതേസമയം, പാലത്തിന്മേൽ ഭാര പരിശോധന നടത്തണമെന്നായിരുന്നു നേരത്തെ ഹെെക്കോടതി ഉത്തരവിട്ടത്. ഭാര പരിശോധന നടത്തിയ ശേഷമേ പൊളിച്ചുനീക്കൽ അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കാവൂ എന്നും ഹെെക്കോടതി വിധിയിൽ പറഞ്ഞിരുന്നു. ഈ വിധിയെ എതിർത്താണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.