കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയും പണം വാഗ്‌ദാനം ചെയ്‌തും കേസിൽ നിന്ന് തടിയൂരാൻ ശ്രമിച്ച മുൻ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനു അതിബുദ്ധി വിനയായി. കേസ് അനുകൂലമാക്കാനാണ് ഇബ്രാഹിം കുഞ്ഞും മകനും പാർട്ടി ജില്ലാ ഭാരവാഹിയുമായ വി.ഇ.അബ്‌ദുൾ ഗഫൂറും കരുക്കൾ നീക്കിയത്. ഇതിന്റെ ഭാഗമായാണ് പരാതിക്കാരനായ ഗീരീഷ് കുമാറുമായി കരാർ ഉണ്ടാക്കാൻ നീക്കം നടത്തിയത്.എന്നാൽ, അത് ഇബ്രാഹിംകുഞ്ഞിനു തന്നെ തിരിച്ചടിയായി. ഹെെക്കോടതി നിർദേശപ്രകാരം വിജിലൻസ് ഗിരീഷ് കുമാറിന്റെ മൊഴി രേഖപ്പെടുത്തിയപ്പോൾ ആണ് ഇബ്രാഹിംകുഞ്ഞിനു തന്നെ തിരിച്ചടിയാകുന്നു സംഭവവികാസങ്ങൾ ഉണ്ടായത്.

ഗിരീഷ് ബാബുവുമായുള്ള കരാർ അഭിഭാഷകൻ കൂടിയായ അബ്‌ദുൾ ഗഫൂറാണ് തയ്യാറാക്കിയതെന്നാണ് വിവരം. കരാർ കളമശേരി യുഡിഎഫ് മണ്ഡലം ചെയർമാൻ കെ.എസ്.സുജിത് കുമാർ ഒന്നാം കക്ഷിയായി ഒപ്പിടിക്കാനായിരുന്നു പദ്ധതി. പാലാരിവട്ടം പാലം അഴിമതിക്കേസിൽ ഇബ്രാഹിംകുഞ്ഞ് പ്രതിയായതോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇബ്രാഹിംകുഞ്ഞിന് സീറ്റ് ലഭിക്കാനിടയില്ലന്നാണ് ലീഗ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. ലീഗ് ജില്ലാ നേതൃത്വത്തിന്റെ നിയന്ത്രണവും ഇബ്രാഹിംകുഞ്ഞ് വിരുദ്ധരുടെ കൈകളിലാണ്. ഇബ്രാഹിം കുഞ്ഞിനു പകരം മകനെ മത്സരിപ്പിക്കാനാണ് നീക്കം.ലീഗിന്റെ ഹൈക്കോടതി അഭിഭാഷക യൂണിയൻ നേതാവായിരുന്ന അബ്‌ദുൾ ഗഫൂറിനെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എതിർവിഭാഗം തോൽപ്പിച്ചിരുന്നു.

Read Also: സ്ഥിതി ഗുരുതരം; സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കോവിഡ്

മകന് പ്രതിയോഗികളായി വരാൻ സാധ്യതയുള്ള ലീഗ് നേതാക്കളെ ഒതുക്കാൻ കൂടി ലക്ഷ്യമിട്ടായിരുന്നു കരാർ എന്നാണ് സൂചന. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്.ഹംസ, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.എ.അഹമ്മദ് കബീർ, എസ്‌ടിയു ജില്ലാ ജനറൽ സെക്രട്ടറിയും കളമശേരി നഗരസഭാ വൈസ് ചെയർമാനുമായ ടി.എസ്.അബൂബക്കർ, ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഹംസ പറക്കാടൻ, ലീഗ്‌ കളമശേരി ടൗൺ പ്രസിഡന്റ് പി.എം.എ.ലത്തീഫ് എന്നിവരെ കുടുക്കാൻ കൂടി ലക്ഷ്യമിട്ടായിരുന്നു കരാർ.

ഈ നേതാക്കൾ തെറ്റായ വിവരങ്ങൾ നൽകി പ്രേരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസിലും ഹൈക്കോടതിയിലും കേസ് വന്നതെന്നും ഇബ്രാഹിംകുഞ്ഞിനെ കരിവാരിത്തേക്കലായിരുന്നു ലക്ഷ്യമെന്നുമാണ് കരാറിന്റെ ഉള്ളടക്കം. കരാർ കോടതിയിൽ ഹാജരാക്കില്ലെന്ന വ്യവസ്ഥയും പ്രത്യേകം എഴുതി ചേർത്തിട്ടുണ്ട്. വിജിലൻസ് ഐജിയുടെ റിപ്പോർട്ട് കോടതിയിൽ എത്തുന്നതോടെ അഴിമതിക്കേസ് കൂടുതൽ സങ്കീർണമാവും.

ഗിരിഷ് ബാബുവിന്റെ മൊഴിയെടുത്തു

അതേസമയം സംഭവത്തിൽ പരാതിക്കാരനായ ഗിരിഷ് കുമാറിന്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. കൊച്ചി കതൃക്കടവിലെ വിജിലൻസ് ഓഫിസിൽ പതിനൊന്നര മുതൽ 5.30 വരെയായിരുന്നു മൊഴിയെടുപ്പ് . വിജിലൻസ് ഐജി എച്ച് വെങ്കിടേഷ് നേരിട്ടെത്തിയാണ് മൊഴിയെടുത്തത്.  രഹസ്യ റിപ്പോർട് ആവശ്യപ്പെട്ടതിനെ തുടർനായിരുന്നു നടപടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.