തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻമന്ത്രി വി.കെ.ഇബ്രാംഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താൻ വിജിലൻസിന് അനുമതി നൽകി സർക്കാർ ഉത്തരവ്. ഇബ്രാംഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ അനുമതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഉത്തരവ്.

സർക്കാർ അനുമതി ലഭിച്ചതോടെ ഇബ്രാഹിം കുഞ്ഞിനെ ഉടനെ തന്നെ വിജിലൻസ് ചോദ്യം ചെയ്തേക്കും. അതേസമയം അറസ്റ്റ് വേണോ പ്രതി ചേർത്ത് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണമോ എന്ന കാര്യത്തിൽ സർക്കാറിനോട് അഭിപ്രായം തേടും. എജിയുടെ നിയമോപദേശം തേടിയ ശേഷമാണ് ഗവർണർ മുൻമന്ത്രിക്കെതിരെ അന്വേഷണത്തിന് അനുമതി നൽകിയത്.

ഇബ്രാംഹിം കുഞ്ഞിനെതിരായ തുടർനടപടികൾ കൈകൊളളാൻ അനുമതി തേടി വിജിലൻസ് സർക്കാരിന് കത്ത് നൽകിയിരുന്നു. സർക്കാർ ഇത് ഗവർണർക്കു കൈമാറി. ഇബ്രാഹിം കുഞ്ഞിനെതിരെ കണ്ടെത്തിയ തെളിവുകളെന്തെന്ന് അന്വേഷണസംഘത്തോട് ഗവർണറുടെ ഓഫീസ് ചോദിച്ചിരുന്നു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട രേഖകൾ വിജിലൻസ് എസ്‍പി രാജ്ഭവന് കൈമാറുകയായിരുന്നു. ഇതിൽ നിയമോപദേശം തേടിയശേഷമാണ് ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാനുളള ഫയലിൽ ഗവർണർ ഒപ്പുവച്ചത്.

Read Also: അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനായി ട്രസ്റ്റ് രൂപീകരിച്ചു; മതമേതായാലും എല്ലാവരും ഒരേ കുടുംബത്തിലെ അംഗങ്ങളെന്ന് മോദി

പാലാരിവട്ടം അഴിമതിയിൽ കരാറുകാരന് മുൻകൂർ പണം അനുവദിച്ചതിൽ ഇബ്രാഹിം കുഞ്ഞിനും പങ്കുണ്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ക്രമക്കേട് നടന്നത് ഇബ്രാഹിം കുഞ്ഞിന്റെ അറിവോടെയാണെന്ന് മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ.സൂരജും വെളിപ്പെടുത്തിയിരുന്നു.

കരാർ കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കാന്‍ അനുമതി നല്‍കിയത് അന്ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞാണെന്നും കരാര്‍ വ്യവസ്ഥയില്‍ ഇളവ് ചെയ്യാനും കോടിക്കണക്കിന് രൂപ പലിശ ഇല്ലാതെ മുന്‍കൂറായി പണം നല്‍കാനും ഉത്തരവിട്ടത് ഇബ്രാഹിംകുഞ്ഞാണെന്നും ടി.ഒ.സൂരജ് ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.