കൊച്ചി: ഏറെ രാഷ്‌ട്രീയ കോലാഹലങ്ങൾക്ക് കാരണമായ പാലാരിവട്ടം മേൽപ്പാലം പൊളിച്ചുനീക്കൽ തിങ്കളാഴ്‌ച തുടങ്ങും. നിർമാണ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് പാലം പൊളിച്ചുപണിയാൻ തീരുമാനിച്ചത് . ഗതാഗതത്തെ ബാധിക്കാത്തവിധം പാലം പൊളിച്ചുനീക്കാൻ കഴിയുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എട്ട് മാസംകൊണ്ട് പുതിയ പാലം നിർമിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പാലനിർമാണത്തിന്റെ മേൽനോട്ടചുമതല വഹിക്കുന്ന ഡിഎംആർസി. പാലം പൊളിച്ചുപണിയുന്നതു സംബന്ധിച്ച് ഡിഎംആർസി മുഖ്യ ഉപദേശകൻ ഇ.ശ്രീധരനുമായി സംസ്ഥാന സർക്കാർ നേരത്തെ ചർച്ച നടത്തിയിരുന്നു.

പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഡി.എം.ആര്‍.സിക്ക് പണം തരേണ്ടതില്ലെന്ന് ഇ. ശ്രീധരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ഇ.ശ്രീധരൻ സർക്കാരിനെ അറിയിച്ചു. സർക്കാർ മുമ്പ് നൽകിയ കരാറുകളിലെ മിച്ച തുക ബാങ്കിലുണ്ട്. ഇതുപയോഗിച്ച് നിർമ്മാണം നടത്തും. 17.4 കോടി രൂപയാണ് മിച്ചമുള്ളത്.

കഴിഞ്ഞ ദിവസമാണ് പാലാരിവട്ടം പാലം പൊളിച്ച് പണിയാൻ സുപ്രിംകോടതി ഉത്തരവിടുന്നത്. ജസ്റ്റിസ് ആർ.എസ് നരിമാൻ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഭാരപരിശോധന നടത്തിയ ശേഷമേ പൊളിക്കാവൂ എന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.

പാലാരിവട്ടം പാലം ഉടൻ പൊളിച്ചുപണിയണമെന്നും പാലം പൊളിക്കുന്നതിനുള്ള വിലക്ക് നീക്കണമെന്നും ആവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയിൽ കത്ത് നൽകിയിരുന്നു. പാലാരിവട്ടം പാലം കഴിഞ്ഞ ഒരുവർഷമായി അടഞ്ഞുകിടക്കുന്നത് മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതം കണക്കിലെടുത്ത് കേസിൽ അതിവേഗം തീർപ്പുണ്ടാക്കണമെന്നാണ് സുപ്രീംകോടതിക്ക് നൽകിയ കത്തിൽ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നത്.

ഐഐടി ചെന്നൈ, ഇ ശ്രീധരൻ എന്നിവർ നൽകിയ റിപ്പോർട്ടിൽ പാലം പുതുക്കി പണിതാൽ നൂറ് വർഷത്തെ ആയുസ് ഉറപ്പ് നൽകുന്നുണ്ട്. ഇതും അറ്റോണി ജനറൽ കെകെ വേണുഗോപാൽ സുപ്രിംകോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെ പാലം പണി ഏറ്റെടുക്കാൻ ഇ.ശ്രീധരൻ സന്നധത അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.