തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതി കേസിൽ ഉന്നത ഉദ്യോഗസ്ഥരെ അടക്കം പൂട്ടാൻ സർക്കാരും വിജിലൻസും. പാലം നിർമ്മിക്കുന്ന സമയത്ത് പൊതുമരാമത്ത് വകുപ്പിൽ ഉന്നത ഉദ്യോഗസ്ഥരായിരുന്നവരെ കേസിൽ പ്രതി ചേർത്തു. പാലം നിർമ്മിക്കുന്ന കമ്പനിക്ക് അനധികൃതമായി വായ്‌പ അനുവദിച്ച കരാറിൽ ഒപ്പിട്ട എല്ലാ ഉദ്യോഗസ്ഥരെയും പ്രതി ചേർത്തു.

ആകെ പ്രതികളുടെ എണ്ണം 17 ആയി. സ്‌പെഷ്യൽ സെക്രട്ടറി കെ.സോമരാജൻ, അണ്ടർ സെക്രട്ടറി ലതാകുമാരി, അഡീഷണൽ സെക്രട്ടറി സണ്ണി ജോണ്‍‍, ഡെപ്യൂട്ടി സെക്രട്ടറി പി.എസ്.രാജേഷ് എന്നിവരെയാണ് പ്രതികളാക്കിയത്. കിറ്റ്‌കോയുടെ രണ്ട് ഉദ്യോഗസ്ഥര്‍ കൂടി അഴിമതി കേസില്‍ പ്രതി ചേര്‍ത്തു. എഞ്ചിനീയര്‍ എ.എച്ച്.ഭാമ, കണ്‍സൽട്ടന്റ് ജി.സന്തോഷ് എന്നിവരെയാണ് പ്രതി ചേര്‍ത്തത്.

പാലാരിവട്ടം പാലം അഴിമതിക്കേസിൽ വ്യവസായ സെക്രട്ടറിയായിരുന്ന മുഹമ്മദ് ഹനീഷിനെ നേരത്തെ പ്രതി ചേർത്തിരുന്നു. അനധികൃതമായി വായ്‌പ നൽകാൻ കൂട്ടുനിന്നെന്ന കേസിലാണ് ഹനീഷിനെ പ്രതി ചേർത്തത്. കേസിൽ പത്താം പ്രതിയാണ് മുഹമ്മദ് ഹനീഷ്.

Read Also: ഇന്ത്യയുടെ കോവിഡ് വാക്‌സിൻ ഉടൻ; വില 500 മുതൽ 600 വരെ

അതേസമയം, പാലാരിവട്ടം പാലം അഴിമതിക്കേസിൽ കേസ് ഡയറി ഹാജരാക്കാൻ മുവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടു. കേസിലെ അഞ്ചാം പ്രതി മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന്റെ കസ്റ്റഡി അപേക്ഷയിലാണ് വിജിലൻസിന് കോടതിയുടെ നിർദേശം. ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില പരിശോധിക്കാൻ സർക്കാർ ഡോക്ടർമാർ ഉൾപ്പെട്ട മെഡിക്കൽ ബോർഡ് രൂപീകരിക്കാനും ആരോഗ്യനില സംബന്ധിച്ച വിശദാംശങ്ങൾ തിങ്കളാഴ്‌ച അറിയിക്കാനും കോടതി നിർദേശിച്ചു. കേസ് കോടതി 24 ലേക്ക് മാറ്റി.

ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയെ വിജിലൻസ് എതിർത്തു. പ്രതി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്നും വിജിലൻസ് ബോധിപ്പിച്ചു. പാലം നിർമാണത്തിൽ മന്ത്രി എന്ന നിലയിൽ ഇബ്രാഹിംകുഞ്ഞിന് ഉത്തരവാദിത്തമുണ്ടായിരുന്നും ഗൂഢാലോചനയിൽ പങ്കുണ്ടെന്നും വിജിലൻസ് വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook