പാലക്കാട്: കൈക്കൂലി കേസിൽ അറസ്റ്റിലായ പാലക്കയം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാർ വില്ലേജ് ഓഫിസര്‍ ഉള്‍പ്പെടെ മറ്റാര്‍ക്കും പണം കൈമാറിയതിന് തെളിവില്ല. ബന്ധുക്കൾക്ക് പോലും പണം നൽകിയിട്ടില്ലെന്ന് കണ്ടെത്തി. ഇയാൾക്ക് ആരോടും അടുത്ത ബന്ധമുണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു.
വില്ലേജ് ഓഫീസർക്കും പങ്കു കൊടുക്കണമെന്ന് പറഞ്ഞാണ് സുരേഷ് കുമാർ പലരിൽ നിന്ന് പണം വാങ്ങിയതെന്നാണ് വിവരം. അതിനാൽ തന്നെ പാലക്കയം വില്ലേജ് ഓഫീസിലെ കൂടുതൽ ഉദ്യോഗസ്ഥരിലേക്കും വിജിലൻസ് അന്വേഷണം നീളാനാണ് സാധ്യത. പാലക്കാട് ജില്ലയിലെ കൂടുതൽ വില്ലേജ് ഓഫീസുകളും വിജിലൻസ് നിരീക്ഷണത്തിലാണ്.
അതിനിടെ, സുരേഷ് കുമാറിന്റെ കൂടുതൽ കൈക്കൂലി കഥകൾ പുറത്തുവന്നിട്ടുണ്ട്. പണം ഒരിക്കലും ഫോണിലൂടെ ആവശ്യപ്പെടില്ലായിരുന്നു. നേരിൽ കണ്ട് സംസാരിച്ച് മാത്രമാണ് പണം വാങ്ങിയിരുന്നത്. കൈക്കൂലി കണക്കു പറഞ്ഞു വാങ്ങിയിരുന്നു. പലരിൽ നിന്നും 500 മുതൽ 10,000 രൂപ വരെയാണ് കൈപറ്റിയത്.
തച്ചമ്പാറ, തെങ്കര, കരിമ്പ, കാഞ്ഞിരപ്പാറ എന്നീ പഞ്ചായത്തുകളിലെ മലയോര മേഖല ഉൾപ്പെടുന്നതാണ് പാലക്കയം വില്ലേജ് ഓഫീസ്. സർവ്വേ പൂർത്തിയാക്കാത്ത പ്രദേശങ്ങളാണ് വില്ലേജ് പരിധിയിലുള്ളത്. അതിനാൽതന്നെ, ഓരോ ചെറിയ കാര്യങ്ങൾക്കുപോലും പ്രദേശവാസികൾക്ക് വില്ലേജ് ഓഫീസിനെ ആശ്രയിക്കാതെ വഴിയില്ല. മാത്രമല്ല, വില്ലേജ് ഓഫിസിലെത്താൻ കിലോമീറ്ററുകൾ സഞ്ചരിക്കുകയും വേണം. ഇതൊക്കെ മുതലെടുത്താണ് സുരേഷ് കുമാർ സാധാരണക്കാരിൽനിന്നും പണം തട്ടിയത്.
ഇന്നലെയാണ് സുരേഷ് കുമാർ വിജിലൻസിന്റെ പിടിയിലായത്. ലൊക്കേഷന്‍ സ്‌കെച്ച് നല്‍കുന്നതിനായി 2500 രൂപ കൈക്കൂലി വാങ്ങിയതിനെ തുടര്‍ന്ന് കല്ലടി കോളേജ് ഗ്രൗണ്ടിന് സമീപത്തുവച്ചാണ് പൊലീസ് വിജിലൻസ് വിഭാഗം ഇയാളെ അറസ്റ്റ് ചെയ്തത്. സുരേഷ് കുമാറിനെ തൃശൂർ വിജിലൻസ് കോടതി ജൂൺ 6 വരെ റിമാൻഡ് ചെയ്തു. ഇയാളെ തൃശൂർ ജില്ലാ ജയിലിലേക്ക് മാറ്റി.
മൂന്നു വർഷം മുൻപാണ് സുരേഷ് കുമാർ പാലക്കയത്ത് നിയമിതനായത്. കൈക്കൂലി കണക്കു പറഞ്ഞ് വാങ്ങിയിരുന്നതായി നാട്ടുകാർ പറയുന്നു. പണമില്ലെങ്കിൽ മറ്റു സാധനങ്ങളും സ്വീകരിക്കും. പുഴുങ്ങിയ മുട്ടയും തേനും മുതല്‍ ജാതിക്കയും കുടംപുളിയും വരെ ഇയാള്‍ കൈക്കൂലിയായി വാങ്ങിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.