തിരുവനന്തപുരം: പാലക്കാട് അമ്പലപ്പാറ വനമേഖലയില്‍ ഗര്‍ഭിണിയായ കാട്ടാന ഭക്ഷ്യവസ്തുവിലുണ്ടായിരുന്ന നാടന്‍ ബോംബ് പൊട്ടി പരുക്കേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് സാഹചര്യമൊരുക്കാന്‍ ശ്രമം നടക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയില്‍ നടക്കുന്നതുപോലെയുള്ള വംശീയ കലാപം സംഘടിപ്പിക്കുകയാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. ആ നീക്കത്തില്‍ ആരും പങ്കാളികളാകരുത്. ആന ചരിഞ്ഞ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടക്കേണ്ടതുണ്ട്. ഈ സംഭവത്തെ ഉപയോഗിച്ച് ചില ദുഷ്ട ശക്തികള്‍ വര്‍ഗീയ പ്രചാരണത്തിനായി പ്രവര്‍ത്തിക്കുന്നതായും അവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും കോടിയേരി പറഞ്ഞു.
സംഭവം കേരളത്തെ ദുഃഖിപ്പിക്കുന്നതും നടക്കാന്‍ പാടില്ലാത്തതുമാണ്. പാലക്കാട് നടന്ന സംഭവത്തെ കേന്ദ്രമന്ത്രിയും പരിസ്ഥിതി മന്ത്രിയും മലപ്പുറത്ത് സംഭവം നടന്നുവെന്ന് ട്വീറ്റ് ചെയ്തത് ബോധപൂര്‍വം പ്രത്യേക മതവിശ്വാസത്തെ ലക്ഷ്യം വച്ചുള്ള പ്രചാരണമായിരുന്നു.
Read Also: വിദ്വേഷപ്രചാരണം: മനേക ഗാന്ധിക്കെതിരെ നോട്ടീസ്
മനേകാ ഗാന്ധി എപ്പോഴും ഇത്തരം പ്രചാരണത്തില്‍ മുന്നിലാണ്. പ്രശ്‌നത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനുവേണ്ട സാഹചര്യമൊരുക്കാനാണ് പലരും ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
“മലപ്പുറം ജില്ലയെ ലക്ഷ്യം വയ്ക്കുക. അതൊരു മതവിഭാഗത്തിന്റെ കേന്ദ്രമാണെന്ന് പ്രചരിപ്പിക്കുക. കുറച്ചുകാലമായി നടന്നുവരുന്ന പ്രചാരണത്തിന്റെ തുടര്‍ച്ചയാണിത്. ദേശീയ തലത്തില്‍ മതനിരപേക്ഷ സംസ്ഥാനമായ കേരളത്തിന്റെ അടിത്തറ തകര്‍ക്കാനാണ് ശ്രമം.വര്‍ഗീയ വിഷം തുപ്പുന്ന പ്രചാരണത്തില്‍ നിന്നും എല്ലാവരും പിന്‍മാറണം,” അദ്ദേഹം ആവശ്യപ്പെട്ടു.
Read Also: ആന ചരിഞ്ഞ സംഭവം: ഒരു കർഷകൻ പിടിയിൽ
യഥാർഥ വസ്തുത കണ്ടെത്തി നടപടിയെടുക്കാന്‍ കേരളം സന്നദ്ധമാണ്. സമഗ്രമായ അന്വേഷണം നടത്തി എല്ലാ വസ്തുതകളും പുറത്ത് കൊണ്ടുവരണമെന്ന് കോടിയേരി പറഞ്ഞു.
അതേസമയം, കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശിയായ വില്‍സണ്‍ ആണ് അറസ്റ്റിലായത്. അറസ്റ്റിലായത് മലപ്പുറം സ്വദേശിയാണെന്ന തരത്തിലും സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ടായി.