scorecardresearch

ശ്രീനിവാസൻ വധക്കേസ്: നാല് പ്രതികളെ തിരിച്ചറിഞ്ഞു

ഇവരെല്ലാം കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ് എന്നാണ് വിവരം

ശ്രീനിവാസൻ വധക്കേസ്: നാല് പ്രതികളെ തിരിച്ചറിഞ്ഞു

പാലക്കാട്: ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതക കേസിൽ നാല് പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്. സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോൺ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്നാണ് വിവരം. പാലക്കാട് ശംഖുവാരത്തോട് സ്വദേശി അബ്ദുൾ റഹ്മാൻ, ഫിറോസ്, പട്ടാമ്പി സ്വദേശി ഉമ്മർ, അബ്ദുൾ ഖാദർ എന്നിവരാണ് പ്രതികളെന്നാണ് നിഗമനം.

ഇവരെല്ലാം കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ് എന്നാണ് വിവരം. ഇവർ ഉപയോഗിച്ച ബൈക്കുകളിൽ ഒന്ന് തമിഴ്‌നാട് രജിസ്ട്രേഷനാണെന്നും കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ 16ന് രാവിലെ ആയിരുന്നു ശ്രീനിവാസൻ കൊല്ലപ്പെട്ടത്. മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ സംഘമാണ് ശ്രീനിവാസനെ വെട്ടികൊലപ്പെടുത്തിയത്. പാലക്കാട്ട് പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ കൊല്ലപ്പെട്ട് 24 മണിക്കൂർ തികയും മുമ്പായിരുന്നു ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകം.

കൊലപാതകം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണമെന്നും എഡിജിപി വിജയ് സാഖറെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രതികൾ ഉപയോഗിച്ച ഇരു ചക്രവാഹനങ്ങൾ സിസിടിവി ദൃശ്യങ്ങളിലൂടെ തിരിച്ചറിഞ്ഞതോടെയാണ് ഇവരെ സംബന്ധിച്ച് പൊലീസിന് കൂടുതൽ സൂചനകൾ ലഭിച്ചത്.

Also Read: കെ-റെയിൽ: ജനങ്ങളെ വഴിയാധാരമാക്കി വികസനം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Palakkad subair sreenivasan murder cases police investigation updates