പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ കൂടി അറസ്റ്റിൽ. അട്ടപ്പള്ളം സ്വദേശി മനു, ഇരട്ടക്കുളം സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്. മുഖ്യപ്രതി രമേശിനൊപ്പം സുബൈറിനെ വധിക്കാൻ ശ്രമിച്ച സംഘത്തിൽ ഉണ്ടായിരുന്ന ആളാണ് വിഷ്ണുവെന്ന് പൊലീസ് പറഞ്ഞു. ഗൂഢാലോചനയിൽ പങ്കെടുത്തയാളാണ് മനു.
ഏപ്രിൽ 15ന് പിതാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോൾ കാറിലെത്തിയ ഒരു സംഘം സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസിൽ മൂന്ന് പേർ നേരത്തെ അറസ്റ്റിലായിരുന്നു. ബാക്കിയുള്ള പ്രതികൾ ഉടൻ പിടിയിലാകുമെന്നാണ് പ്രതീക്ഷ.
അതേസമയം, ശ്രീനിവാസൻ വധക്കേസിൽ കൊലയാളി സംഘത്തിലുണ്ടായിരുന്ന ആറ് പേരിൽ മൂന്ന് പേരും ഗൂഢാലോചന നടത്തിയ പത്ത് പേരും ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. എതിരാളികളുടെ പട്ടിക തയ്യാറാക്കി നടത്തിയ കേരളത്തിലെ ആദ്യ കൊലപാതകമാണ് ശ്രീനിവാസൻ വധക്കേസെന്ന് പൊലീസ് കോടതിയിൽ പറഞ്ഞിരുന്നു.
കൊലപാതക ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഹമ്മദ് ബിലാല്‍, റിയാസുദ്ദീന്‍, സഹദ്, മുഹമ്മദ് റിസ്വാന് എന്നിവരുടെ കസ്റ്റഡി അപേക്ഷയിലാണ് പൊലീസ് ഈ നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തിയത്. മുഹമ്മദ് ബിലാലും റിയാസുദ്ദീനും ഗൂഢാലോചനയിൽ പങ്കെടുത്തവരും പ്രതികള്‍ക്ക് ആയുധമെത്തിക്കുന്നതിൽ സഹായിച്ചവരുമാണ്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ ശേഖരിച്ച് തെളിവുകൾ നശിപ്പിക്കാന്‍ ശ്രമിച്ചത് റിസ്വാനാണ്.
Also Read: ‘ദുർബലരായ സ്ത്രീകളെ സഹായവാഗ്ദാനം നൽകി മുതലെടുക്കൻ ശ്രമിക്കുന്നയാൾ’; വിജയ് ബാബുവിനെതിരെ മറ്റൊരു യുവതി