scorecardresearch

Latest News

ശ്രീനിവാസൻ കൊലപാതകം: മൂന്ന് പേർ കൂടി കസ്റ്റഡിയിൽ, ഇതുവരെ പിടിയിലായത് പത്ത് പേർ

കേസിൽ മൂന്ന് പേർ കൂടി ഇന്നലെ അറസ്റ്റിലായിരുന്നു

sreenivasan murder, palakkad killings

പാലക്കാട്: ആര്‍എസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്‍ കൊലപാതക കേസില്‍ മൂന്ന് പേർ കൂടി പിടിയിലായി. ശംഖുവരത്തോട് സ്വദേശികളാണ് പിടിയിലായത് എന്നാണ് വിവരം. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം പത്തായി.

ഗൂഢാലോചനയിൽ പങ്കെടുത്തവരും വാഹനം എത്തിച്ചു നൽകിയവരുമാണ് ഇപ്പോൾ പിടിയിലായത്. ഇതിൽ ഒരാൾ കൃത്യം നടക്കുമ്പോൾ മേലാമുറിയിൽ എത്തിയതായും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്‌തു. ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിന് ഈ വിവരം നേരിട്ട് സ്ഥിരീകരിക്കാനായിട്ടില്ല.

കേസിൽ മൂന്ന് പേർ കൂടി ഇന്നലെ അറസ്റ്റിലായിരുന്നു. ശംഖുവാര തോട് പള്ളി ഇമാം സദ്ദാം ഹുസൈൻ, അഷ്ഫാഖ്, അഷറഫ് എന്നിവരാണ് പിടിയിലായത്. പ്രതികളിൽ ഒരാൾക്ക് ഒളിക്കാൻ സഹായം ചെയ്തതിനാണ് ഇമാം അറസ്റ്റിലായത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാകും.

സംഭവത്തിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ മുഹമ്മദ് ബിലാൽ റിയാസുദ്ധീൻ എന്നിവരുമായി പൊലീസ് തെളിവെടുപ്പ് നടത്തി. മൊബൈൽ ഒളിപ്പിച്ച പള്ളിയിലും മറ്റുമാണ് തെളിവെടുപ്പ് നടത്തിയത്. പ്രതികൾ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ, ബൈക്കുകൾ, ആയുധം കൊണ്ടുവന്ന ഓട്ടോറിക്ഷ എന്നിവ കണ്ടെത്തി.

ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ചുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. സുബൈര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ മോര്‍ച്ചറിയുടെ പരിസരത്ത് വച്ചായിരുന്നു ഗൂഢാലോചന നടത്തിയതെന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്. 24 മണിക്കൂറിനുള്ളില്‍ തന്നെ കണക്കു തീര്‍ക്കാനായിരുന്നു തീരുമാനം, ഒരു പ്രമുഖ നേതാവിനെ തന്നെ വധിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.

അതേസമയം, രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പിന്നാലെ പാലക്കാട് ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ നീട്ടി. ഏപ്രില്‍ 24 വരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കഴിഞ്ഞ 16നായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

16ന് ഉച്ചയോടെയായിരുന്നു ശ്രീനിവാസൻ കൊല്ലപ്പെട്ടത്. മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ സംഘമാണ് ശ്രീനിവാസനെ വെട്ടികൊലപ്പെടുത്തിയത്. ശ്രീനിവാസന്റെ പാലക്കാടുള്ള കടയിലെത്തിയായിരുന്നു ആക്രമണം.

എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സുബൈർ കൊല്ലപ്പെട്ട് 24 മണിക്കൂർ തികയും മുമ്പായിരുന്നു ശ്രീനിവാസന്റെ കൊലപാതകം. ജുമുഅ നമസ്കാരം കഴിഞ്ഞു മടങ്ങവെ സുബൈറിനെ പിതാവ് അബുബക്കറിന്റെ മുന്നിലിട്ടായിരുന്നു കൊലപ്പെടുത്തിയത്.

Also Read: ദിലീപിനെതിരായ വധഗൂഢാലോചന കേസ്: ക്രൈംബ്രാഞ്ച് സംഘം മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Palakkad sreenivasan subair murder case police investigation updates