പാലക്കാട്: മലമ്പുഴ കൊട്ടേക്കാടില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജാഹാനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണോയെന്ന് ഇപ്പാള്‍ പറയാന്‍ കഴിയില്ലെന്ന് ജില്ലാ പൊലീസ് മേധാവ് ആര് വിശ്വനാഥ്. എട്ടി പ്രതികളേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കൊലപാതക കാരണം പൊലീസ് അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.
ഷാജഹാന് കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്ഐആര്‍) നേരത്തെ പുറത്ത് വന്നിരുന്നു. പ്രാഥമിക പരിശോധനയില്‍ രാഷ്ട്രീയ കൊലപാതകമാണെന്നതിന് തെളിവില്ലെന്നും എഫ്ഐആറില്‍ പറയുന്നു. എട്ട് പേരെയാണ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്.
പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞതായാണ് ലഭിക്കുന്ന വിവരം. സിപിഎമ്മിന്റെ ഭാഗമായിരുന്ന ഒരു കൂട്ടം പ്രവര്‍ത്തകര്‍ അടുത്തിടെ ബിജെപിയുമായി ചേര്‍ന്ന് പ്രവര്ത്തിക്കാനൊരുങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രദേശികമായി ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്.
ഷാജഹാനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത് പാര്‍ട്ടി അംഗങ്ങളാണെന്ന് ദൃക്സാക്ഷി സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. “ശബരിയാണ് ഫസ്റ്റ് വെട്ടിയത്, അവന് പാര്‍ട്ട് മെമ്പറാണ്. അനീഷാണ് സെക്കന്റ് വെട്ടിയത് അവന് പാര്‍ട്ട് മെമ്പറാണ്. അനീഷാണ് വീണ്ടും വെട്ടിയത്,” സുരേഷ് പറയുന്നു.
എന്നാല്‍ സുരേഷിന്റെ വാദങ്ങള്‍ സിപിഎം ജില്ലാ നേതൃത്വം തള്ളി. കൊലയാളി സംഘത്തിലുള്ളവര്‍ നേരത്തെ പാര്‍ട്ടി വിട്ടവരാണെന്ന് ഇപ്പോള്‍ ആര്‍എസ്എസിന്റെ സജീവ പ്രവര്ത്തരാണെന്നുമാണ് പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു പറഞ്ഞു.
ഇന്നലെ രാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം കുന്നങ്കാട് ജംഗ്ഷനില്‍ നില്‍ക്കുകയായിരുന്ന ഷാജഹാനെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. വടിവാള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. തലയ്ക്കും കഴുത്തിനും വെട്ടേറ്റ ഷാജഹാനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഷാജഹാന്റെ കൊലപാതകം കേരളത്തെ കലാപ ഭൂമിയാക്കാനുള്ള സാമൂഹ്യ വിരുദ്ധ ശക്തികളുടെ നീക്കമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു. വീട്ടിലേക്ക് പോകുന്ന വഴി ഇരുളിൽ പതിയിരുന്ന സംഘം മൃഗീയമായാണ് ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്. ഇത്തരം സംഭവങ്ങൾക്കെതിര ശക്തമായ നടപടിയെടുക്കുകയും, ഗൂഢാലോചന നടത്തിയവരെ കണ്ടെത്തുകയും വേണമെന്നും സിപിഎം ആവശ്യപ്പെട്ടു.