തിരുവനന്തപുരം: പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സ് (എന്‍ഐഎ) അന്വേഷിക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന നേതൃത്വം. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇത് സംബന്ധിച്ച് നിവേദനം നല്‍കി.
“വളരെ ആസൂത്രതമായ കൊലപാതകമാണ് നടന്നത്. ഇതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. 2020 മുതല്‍ സഞ്ജിത്തിനെ വധിക്കാനുള്ള ശ്രമങ്ങള്‍ എസ്ഡിപിഐ ക്രിമിനലുകള്‍ നടത്തിയിട്ടുണ്ട്. പക്ഷെ കേരള പൊലീസിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായില്ല. എസ്ഡിപിഐ ക്രിമിനലുകളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരും പൊലീസും സ്വീകരിക്കുന്നത്,” സുരേന്ദ്രന്‍ പറഞ്ഞു.
“കൊലപാതകം നടന്നിട്ട് 24 മണിക്കൂര്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനൊ അന്വേഷണ ശക്തിപ്പെടുത്താനൊ പൊലീസിന് സാധിച്ചിട്ടില്ല. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രണ്ട് കൊലപാതകങ്ങളാണ് എസ്ഡിപിഐ ക്രിമിനലുകള്‍ നടത്തിയത്. പരിശീലനം ലഭിച്ച ആളുകളാണ് കൊലപാതകം നടത്തിയിട്ടുള്ളത്. അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്,” സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
സഞ്ജിത്തിന്റെ മരണകാരണം തലയിലെ മുറിവ്; ശരീരത്തില്‍ 30 വെട്ട്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
പാലക്കാട്: എടുപ്പുകളത്ത് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ മരണകാരണം തലയ്ക്കേറ്റ മുറിവാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആറ് വെട്ടാണ് തലയ്ക്കേറ്റത്. ശരീരത്തിലാകെ 30 വെട്ടേറ്റുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
തലയിലെ ആറ് വെട്ടും ആഴത്തിലുള്ളതായിരുന്നു. ആക്രമണം പ്രതിരോധിക്കുന്നതിനിടെയാണ് ശരീരത്തില്‍ വെട്ടേറ്റതെന്നാണ് പ്രാഥമിക നിഗമനം. ചോരവാര്‍ന്ന നിലയിലാണ് സഞ്ജിത്തിനെ ആശുപത്രിയിലെത്തിച്ചത്. മൂന്നു പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് സഞ്ജിത്തിന്റെ ഭാര്യയുടെ മൊഴി.
അതേസമയം, പ്രതികള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. പാലക്കാട് എസ്‌പി യുടെ നേതൃത്വത്തില്‍ എട്ട് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. നിലവില്‍ സിസിടിവിയില്‍ ഉള്‍പ്പെട്ട രണ്ട് വാഹനങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികള്‍ സഞ്ചരിച്ച വാഹനം തൃശൂര്‍ ഹൈവേയില്‍ പ്രവേശിച്ചതായി വ്യക്തമായിട്ടുണ്ട്.
ഇന്നലെ രാവിലെ ഒൻപതോടെയായിരുന്നു കൊലപാതകം നടന്നത്. ഭാര്യയ്‌ക്കൊപ്പം ബൈക്കിൽ സഞ്ചരിക്കവെയാണു സഞ്ജിത്ത് ആക്രമിക്കപ്പെട്ടത്. ഭാര്യയുടെ വീട്ടില്‍നിന്നു മടങ്ങുകയായിരുന്നു ഇരുവരും. കാറിലെത്തിയ സംഘം സഞ്ജിത്തിനെ ബൈക്കിൽനിന്നു ബലം പ്രയോഗിച്ച് റോഡിലേക്കു വലിച്ചിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.