പാലക്കാട്: പാലക്കാട് ജില്ലയിൽ പുതിയതായി അഞ്ച് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച എല്ലാവരും സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള നാല് പേർക്കും വിദേശത്ത് നിന്നെത്തിയ ഒരാൾക്കുമാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. അതേസമയം, ജില്ലയിൽ സമൂഹ വ്യാപനത്തിന്റെ ആശങ്ക ശക്തിപ്പെടുന്നതായി മന്ത്രി എ.കെ.ബാലൻ പറഞ്ഞു.

നിലവിൽ 53 പേരാണ് ജില്ലയിൽ മാത്രം കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. അതിര്‍ത്തി ജില്ലയായതിനാല്‍ പാലക്കാട് കാര്യമായ മുന്‍കരുതല്‍ വേണമെന്നും വലിയ ഇടപെടല്‍ ആവശ്യമാണെന്നും എ.കെ.ബാലന്‍ വ്യക്തമാക്കി. സമ്പര്‍ക്കത്തിലൂടെ ജില്ലയില്‍ കോവിഡ് പടരുന്ന സാഹചര്യമുണ്ട്.

Read Also: കേരളത്തിൽ ഇന്ന് 49 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചത് ; 43 പേരും സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിയവർ

ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമെത്തി നിരീക്ഷണത്തിലുള്ളവർ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്ന സാഹചര്യമുണ്ടെന്നും മന്ത്രി പറഞ്ഞു. പൊതുഗതാഗതം വർധിക്കുന്നതോടെ രോഗവ്യാപനം വർധിക്കുമെന്നും ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും ചെയ്തത് പോലെ നിയന്ത്രണങ്ങളും ഇനി സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.