പാലക്കാട്: ആര്‍എസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്‍, എസ് ഡി പി ഐ നേതാവ് സുബൈര്‍ എന്നിവരുടെ കൊലപാതകത്തിന് പിന്നാലെ പാലക്കാട് ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ നീട്ടി. ഏപ്രില്‍ 28 വരെ ജില്ലയില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രാ നിയന്ത്രണവും തുടരും.
അതേസമയം, ശ്രീനിവാസന്‍ കൊലപാതക കേസില്‍ മൂന്ന് പേർ കൂടി പിടിയിലായി. ശംഖുവരത്തോട് സ്വദേശികളാണ് പിടിയിലായത് എന്നാണ് വിവരം. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം പത്തായി.
ഗൂഢാലോചനയിൽ പങ്കെടുത്തവരും വാഹനം എത്തിച്ചു നൽകിയവരുമാണ് ഇപ്പോൾ പിടിയിലായത്. ഇതിൽ ഒരാൾ കൃത്യം നടക്കുമ്പോൾ മേലാമുറിയിൽ എത്തിയതായും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്‌തു. ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിന് ഈ വിവരം നേരിട്ട് സ്ഥിരീകരിക്കാനായിട്ടില്ല.
സംഭവത്തിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ മുഹമ്മദ് ബിലാൽ റിയാസുദ്ധീൻ എന്നിവരുമായി പൊലീസ് തെളിവെടുപ്പ് നടത്തി. മൊബൈൽ ഒളിപ്പിച്ച പള്ളിയിലും മറ്റുമാണ് തെളിവെടുപ്പ് നടത്തിയത്. പ്രതികൾ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ, ബൈക്കുകൾ, ആയുധം കൊണ്ടുവന്ന ഓട്ടോറിക്ഷ എന്നിവ കണ്ടെത്തി.
കഴിഞ്ഞ 16 ന് ഉച്ചയോടെയായിരുന്നു ശ്രീനിവാസൻ കൊല്ലപ്പെട്ടത്. മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ സംഘമാണ് ശ്രീനിവാസനെ വെട്ടികൊലപ്പെടുത്തിയത്. ശ്രീനിവാസന്റെ പാലക്കാടുള്ള കടയിലെത്തിയായിരുന്നു ആക്രമണം.
എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സുബൈർ കൊല്ലപ്പെട്ട് 24 മണിക്കൂർ തികയും മുമ്പായിരുന്നു ശ്രീനിവാസന്റെ കൊലപാതകം. ജുമുഅ നമസ്കാരം കഴിഞ്ഞു മടങ്ങവെ സുബൈറിനെ പിതാവ് അബുബക്കറിന്റെ മുന്നിലിട്ടായിരുന്നു കൊലപ്പെടുത്തിയത്.