പാലക്കാട്: വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ സംഭവത്തിൽ മരുമകളുടെ സുഹൃത്ത് പിടിയിൽ. പൂളയ്ക്കൽ പറമ്പിൽ സ്വാമിനാഥൻ (72), ഭാര്യ പ്രേമകുമാരി (62) എന്നിവർ കൊല്ലപ്പെട്ട കേസിലാണ് മരുമകൾ ഷീജയുടെ സുഹൃത്ത് എറണാകുളം പറവൂർ സ്വദേശി സുദർശനൻ പൊലീസ് പിടിയിലായത്. പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.

ഇന്നു രാവിലെയാണ് വൃദ്ധ ദമ്പതികളെ വീടിനുളളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകം നടക്കുന്ന സമയത്ത് വൃദ്ധ ദമ്പതികളെ കൂടാതെ മരുമകൾ ഷീജ മാത്രമാണുണ്ടായിരുന്നത്. രാവിലെ പാലുമായി വീട്ടിലെത്തിയ സ്ത്രീയാണ് കൈയ്യും കാലും കെട്ടി വായിൽ തുണി തിരുകിയ നിലയിൽ ഷീജയെ ആദ്യം കണ്ടത്. ഇവർ വിവരം അറിയിച്ചതനുസരിച്ച് നാട്ടുകാർ എത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

തനിക്ക് ജീവന് ഭീഷണിയുള്ളതായി കാണിച്ച് സ്വാമിനാഥന്‍ ഒരാഴ്ചമുമ്പ് പൊലീസിന് പരാതി നല്‍കിയിരുന്നു. തന്നെ ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി. വധഭീഷണിയുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഷീജ ദമ്പതികള്‍ക്കൊപ്പം താമസിക്കാന്‍ തുടങ്ങിയതെന്നാണ് വിവരം. ഷീജയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ