പാലക്കാട്: പാലക്കാട്ടെ ഇരട്ടക്കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘങ്ങള്‍ക്ക് ചുമതല. രണ്ട് ഡി വൈ എസ് പിമാരുടേ നേതൃത്വത്തിലായിരിക്കും അന്വേഷണം. പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം ലഭ്യമായിട്ടുണ്ടെന്ന് എഡിജിപി വിജയ് സാഖറെ അറിയിച്ചു. തിരിച്ചറിയല്‍ പരേഡ് നടത്തേണ്ടതിനാലാണ് പേരുകള്‍ വെളിപ്പെടുത്താത്തെന്നും അദ്ദേഹം വ്യക്തമാക്കി.
ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്ന് പ്രാഥമിക വിവര റിപ്പോര്‍ട്ട് (എഫ്ഐആര്‍). എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ വൈര്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചതായി വിവരം. അക്രമികള്‍ സഞ്ചരിച്ച ഒരു ബൈക്കിന്റെ നമ്പര്‍ കണ്ടെത്തി. ആറ് പേരെയും ഉടനടി പിടികൂടാന്‍ കഴിഞ്ഞേക്കുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്.
സംഭവുമായി ബന്ധപ്പെട്ട് 10 എസ് ഡി പി ഐ പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലിലാണ്. ശ്രീനിവാസന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ജില്ലാ ആശുപത്രിയില്‍ വച്ച് നടക്കും. 11 മണിയോടെ വിലാപയാത്രയായി മൃതദേഹം കണ്ണകി നഗര്‍ സ്കൂളിലെത്തിക്കുമെന്നാണ് വിവരം. പൊതുദര്‍ശനത്തിന് ശേഷം ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് കറുകോടി സ്മശാനത്തില്‍ വച്ചാണ് ശവസംസ്കാരം.
ഇന്നലെ ഉച്ചയോടെയായിരുന്നു ശ്രീനിവാസന് നേരെ ആക്രമണമുണ്ടായത്. ശ്രീനിവാസന്റെ എസ്കെഎസ് ഓട്ടോസ് എന്ന സ്ഥാപനത്തില്‍ എത്തിയായിരുന്നു ആറംഗ സംഘം വെട്ടി പരിക്കേല്‍പ്പിച്ചത്. കൈകള്‍ക്കും കാലിനും തലയ്ക്കും വെട്ടേറ്റ ശ്രീനിവാസനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല.
അതേസമയം, സുബൈര്‍ കൊലപാതക കേസില്‍ കസ്റ്റഡിയിലെടുത്ത നാല് പേരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ശ്രീജിത്ത്, ജനീഷ്, സുധര്‍ശനന്‍, ഷൈജു എന്നിവരാണ് കസ്റ്റഡിയില്‍. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് ജുമുഅ നമസ്കാരം കഴിഞ്ഞ് മടങ്ങവെയാണ് സുബൈറിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
ഇരുകൊലപാതകങ്ങളുടേയും പശ്ചാത്തലത്തില്‍ ഏപ്രില്‍ 20 വൈകിട്ട് ആറു വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ മണികണ്ഠനാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. കൊലപാതകങ്ങളെ തുടര്‍ന്ന് സംഘർഷ സാധ്യത ഉടലെടുക്കാനും ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ടാണ് ഉത്തരവെന്ന് അധികൃതർ വ്യക്തമാക്കി.
Also Read: ഗുരുതര കോവിഡിനെതിരെ ഫലപ്രദം നാലാം ഡോസ് വാക്സിനോ? പഠനം പറയുന്നതിങ്ങനെ