പാലക്കാട്: സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട് പ്രതിപക്ഷത്തിന്റെ അവിശ്വാസം പരാജയപ്പെടുത്താൻ അംഗങ്ങൾക്ക് മോഹന വാഗ്‌ദാനങ്ങൾ നൽകിയെന്ന് ആരോപണം. യുഡിഎഫ് കൗൺസിലർമാരാണ് നഗരസഭയിലെ അവിശ്വാസം പരാജയപ്പെടുത്താന്‍ ബിജെപി നേതാക്കളും പ്രവര്‍ത്തകരും പണവും ജോലിയും വാഗ്ദാനം ചെയ്തെന്ന് ആരോപണം ഉന്നയിച്ച് രംഗത്ത് വന്നത്.

പതിനഞ്ചു ലക്ഷം രൂപയും കൊടൈക്കനാലിലേക്ക് വിനോദയാത്രയും മക്കളുടെ വിവാഹചെലവും ജോലിയും അടക്കമാണ് വാഗ്‌ദാനം ചെയ്തത്. നഗരസഭാ അധ്യക്ഷയും ഉപാധ്യക്ഷനും ഫോണ്‍ വിളിച്ചതായി യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

പ്രതിപക്ഷത്തെ നാല് കൗണ്‍സിലര്‍മാരാണ് ബിജെപിക്കെതിരെ രംഗത്ത് വന്നത്. നഗരസഭയിലേക്ക് മുൻപ് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച അജയ് എന്നയാളാണ് 15 ലക്ഷം രൂപയും കുടുംബസമേതം കൊടൈക്കനാല്‍ യാത്രയും ജോലിയും മക്കളുടെ വിവാഹചെലവും നല്‍കാമെന്ന് വാഗ്‌ദാനം ചെയ്തതെന്ന് കൗൺസിലർ കെ.ഭാഗ്യം പറഞ്ഞു. തന്റെ വീട്ടിലെത്തിയാണ് അജയ് ഈ വാഗ്‌ദാനം മുന്നോട്ട് വച്ചതെന്ന് അവർ ആരോപിച്ചു.

ഭാഗ്യത്തിന് പുറമെ, ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിലെ എം.സാഹിദ, കോൺഗ്രസ് അംഗങ്ങളായ ശാന്തി, കെ.മണി എന്നിവർക്കും മോഹവാഗ്‌ദാനങ്ങൾ ലഭിച്ചു. നഗരസഭ അദ്ധ്യക്ഷയും ഉപാദ്ധ്യക്ഷനും നേരിട്ട് ഫോണിൽ വിളിച്ചതായി ഇവർ ആരോപിച്ചു.

കൽപ്പാത്തിയിൽ നിന്നുളള കോൺഗ്രസ് അംഗം വി.ശരവണൻ അവിശ്വാസത്തിന് തൊട്ടുമുൻപ് അംഗത്വം രാജിവച്ചത് കോടികളുടെ പണമിടപാട് മൂലമാണെന്ന് കോൺഗ്രസ് ആരോപിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ