പാലക്കാട്: ‘ജയ് ശ്രീറാം’ ബാനർ തൂക്കിയ സംഭവത്തിൽ ബിജെപിക്ക് മറുപടിയുമായി ഡിവെെഎഫ്ഐ. ബിജെപി പ്രവർത്തകർ ‘ജയ് ശ്രീറാം’ ബാനർ ഉയർത്തിയ പാലക്കാട് നഗരസഭ കെട്ടിടത്തിനു മുകളിൽ ഇന്ത്യയുടെ ദേശീയ പതാക ഉയർത്തിയാണ് ഡിവെെഎഫ്ഐ പ്രവർത്തകർ മറുപടി നൽകിയത്. ‘ആർഎസ്എസ് തുലയട്ടെ’ എന്ന മുദ്രാവാക്യം വിളിച്ച് ഡിവെെഎഫ്ഐ പ്രവർത്തകർ നഗരസഭ കെട്ടിടത്തിനു മുകളിൽ കയറി പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടയിലാണ് ദേശീയ പതാക ഉയർത്തിയത്. ഡിവെെഎഫ്ഐ പ്രവർത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്‌തുനീക്കി. ബിജെപി പ്രവർത്തകരുടെ പ്രവർത്തിയിൽ പ്രതിഷേധിച്ച് നഗരസഭയിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ നഗരസഭയ്ക്ക് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
അതേസമയം, നഗരസഭ കെട്ടിടത്തിനു മുകളിൽ ഡിവെെഎഫ്ഐ പതാക ഉയർത്തിയതിനെതിരെ യുവമോർച്ച പൊലീസിൽ പരാതി നൽകി. ദേശീയ പതാക കുത്തനെ തൂക്കിയെന്നും ഇത് ദേശീയ പതാകയെ അപമാനിക്കുന്നതിനു തുല്യമാണെന്നും യുവമോർച്ച നൽകിയ പരാതിയിൽ പറയുന്നു. പാലക്കാട് ടൗൺ പൊലീസ് സ്റ്റേഷനിലാണ് യുവമോർച്ച പരാതി നൽകിയത്.
നഗരസഭാ ആസ്ഥാനത്ത് ബിജെപിയുടെ വിജയാഘോഷത്തിനിടെ ‘ജയ് ശ്രീറാം’ ബാനർ തൂക്കിയ സംഭവത്തിൽ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. മുനിസിപ്പൽ സെക്രട്ടറിയുടെ പരാതിയിൽ കണ്ടാലറിയാവുന്ന പത്ത് പേർക്കെതിരെയാണ് ടൗൺ സൗത്ത് പൊലീസ് കേസെടുത്തത്. ഇരുവിഭാഗങ്ങൾക്കിടയിൽ സ്‌പർധ വളർത്താൻ ശ്രമിച്ചെന്നാണ് കുറ്റം.
ഭരണഘടനാ സ്ഥാപത്തിന് മുകളില്‍ മത ചിഹ്നങ്ങള്‍ ഉള്‍പ്പെടുന്ന ഫ്ളക്സ് കെട്ടിയെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് നഗരസഭ സെക്രട്ടറി രഘുരാമനാണ് ടൗണ്‍ സൗത്ത് പൊലീസില്‍ പരാതി നല്‍കിയത്. ഐപിസി 153ാം വകുപ്പ് പ്രകാരം ഇരുവിഭാഗങ്ങള്‍ തമ്മില്‍ ലഹളക്ക് കാരണമാകുന്ന തരത്തില്‍ പ്രവര്‍ത്തിച്ചു എന്നതാണ് കേസ്. ഒരുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റകൃത്യത്തില്‍ ബിജെപി പോളിങ് ഏജന്റും നിയുക്ത കൗൺസിലർമാരും ഉള്‍പ്പടെ പത്തോളം പേര്‍ പ്രതികളാവും. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാവും പ്രതിചേര്‍ക്കുക.
വോട്ടെണ്ണൽ കേന്ദ്രമായ നഗരസഭാ കെട്ടിട്ടത്തിൽ സ്ഥാനാർഥികളുടെ പ്രതിനിധികളായി എത്തിയവരാണ് ബാനർ സ്ഥാപിച്ചത്. ഉടൻ തന്നെ പൊലീസ് ഇടപെട്ട് ബാനർ നീക്കിയെങ്കിലും സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ബിജെപിക്കെതിരെ വിമർശനമുയർന്നു.
കെട്ടിടത്തിന്റെ ഒരുഭാഗത്ത് ‘ജയ് ശ്രീറാം’ എന്നെഴുതിയ ബാനറും മറ്റൊരുഭാഗത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ചിത്രങ്ങൾ അടങ്ങിയ ബാനറുമാണ് ബിജെപി പ്രവർത്തകർ ഉയർത്തിയത്. ഇത് പ്രകോപനപരമാണെന്നും മതനിരപേക്ഷതയ്‌ക്കുള്ള വെല്ലുവിളിയാണെന്നുമാരോപിച്ച് നിരവധിപേർ രംഗത്തെത്തി. നഗരസഭയിലെ വിജയത്തിനു പിന്നാലെ പാലക്കാട് കേരളത്തിലെ ഗുജറാത്താണെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ പറഞ്ഞിരുന്നു.
2015 നേക്കാൾ ഭൂരിപക്ഷത്തോടെയാണ് പാലക്കാട് നഗരസഭയിലെ ഭരണം ബിജെപി നിലനിർത്തിയത്. നഗരസഭയിലെ 52 വാര്‍ഡുകളില്‍ 28 സീറ്റുകളാണ് ബിജെപി നേടിയത്. കേവല ഭൂരിപക്ഷത്തിന് 27 സീറ്റുകളാണ് വേണ്ടത്. കഴിഞ്ഞ തവണ 24 സീറ്റ് മാത്രമായിരുന്നു ബിജെപിയ്‌ക്ക് ഉണ്ടായിരുന്നത്. അവിശ്വാസപ്രമേയത്തെ കഷ്‌ടിച്ച് മറികടന്നാണ് കഴിഞ്ഞ തവണ ബിജെപി ഭരണം പൂർത്തിയാക്കിയത്. ഇത്തവണ നഗരസഭയിൽ കോൺഗ്രസിന് നേടാനായത് 13 സീറ്റുകൾ മാത്രം. ഇടതുമുന്നണി ഏഴ് സീറ്റിലേക്ക് ചുരുങ്ങി. നേരത്തെ ഒൻപത് സീറ്റുണ്ടായിരുന്നു.