ദേശീയ പതാകയുമായി സിപിഎം പ്രകടനം; നഗരസഭയ്‌ക്ക് മുന്നിൽ ‘ജയ് ശ്രീറാം’ വിളിച്ച് ബിജെപി

നേരത്തെ, തദ്ദേശ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പാലക്കാട് നഗരസഭ കെട്ടിടത്തിനു മുകളിൽ ‘ജയ് ശ്രീറാം’ എന്നെഴുതിയ കൂറ്റൻ ബാനർ ഉയർത്തി ബിജെപി ആഹ്ളാദപ്രകടനം നടത്തിയത് വിവാദമായിരുന്നു

പാലക്കാട്: പാലക്കാട് നഗരസഭയ്‌ക്കു മുന്നില്‍ സംഘർഷ സാധ്യത. സിപിഎം കൗണ്‍സിലർമാർ ദേശീയ പതാകയുമായി പ്രകടനം നടത്തി. ഇതേസമയത്ത്, ജയ് ശ്രീറാം വിളിയുമായി ബിജെപി പ്രവർത്തകരും എത്തി. സിപിഎം കൗണ്‍സിലര്‍മാര്‍ ദേശീയ പതാകയുമായി പ്രകടനം നടത്തി കൗൺസിൽ ഹാളിൽ നിന്ന് പുറത്തുവരുന്നതിനിടെയാണ് ബിജെപി പ്രവർത്തകർ ‘ജയ് ശ്രീറാം’ വിളികളുമായി രംഗത്തെത്തിയത്. സത്യപ്രതിജ്ഞ കഴിഞ്ഞയുടനെയാണ് ബിജെപി പ്രവർത്തകർ ‘ജയ് ശ്രീറാം’ വിളിച്ച് പ്രകടനം നടത്തിയത്. നേരിയതോതിൽ സംഘർഷ സാധ്യത സ്ഥലത്ത് നിലനിന്നിരുന്നു, എന്നാൽ പൊലീസ് ഇടപെട്ട് സ്ഥിതി നിയന്ത്രിച്ചു.

നേരത്തെ, തദ്ദേശ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പാലക്കാട് നഗരസഭ കെട്ടിടത്തിനു മുകളിൽ ‘ജയ് ശ്രീറാം’ എന്നെഴുതിയ കൂറ്റൻ ബാനർ ഉയർത്തി ബിജെപി ആഹ്ളാദപ്രകടനം നടത്തിയത് വിവാദമായിരുന്നു. കെട്ടിടത്തിന്റെ ഒരുഭാഗത്ത് ‘ജയ് ശ്രീറാം’ എന്നെഴുതിയ ബാനറും മറ്റൊരുഭാഗത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ചിത്രങ്ങൾ അടങ്ങിയ ബാനറുമാണ് ബിജെപി പ്രവർത്തകർ ഉയർത്തിയത്. ഇത് പ്രകോപനപരമാണെന്നും മതനിരപേക്ഷതയ്‌ക്കുള്ള വെല്ലുവിളിയാണെന്നുമാരോപിച്ച് നിരവധിപേർ രംഗത്തെത്തി. ‘ജയ് ശ്രീറാം’ ബാനർ ഉയർത്തിയവർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

Read Also: തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ആരംഭിച്ചു

അതേസമയം, ബിജെപിയുടെ ‘ജയ് ശ്രീറാം’ ബാനർ ഉയർത്തിയുള്ള ആഘോഷ പ്രകടനങ്ങൾക്ക് ഇന്ത്യൻ ദേശീയ പതാക ഉയർത്തിയാണ് ഡിവെെഎഫ്ഐ മറുപടി നൽകിയത്.

2015 നേക്കാൾ ഭൂരിപക്ഷത്തോടെയാണ് പാലക്കാട് നഗരസഭയിലെ ഭരണം ബിജെപി നിലനിർത്തിയത്. നഗരസഭയിലെ 52 വാര്‍ഡുകളില്‍ 28 സീറ്റുകളാണ് ബിജെപി നേടിയത്. കേവല ഭൂരിപക്ഷത്തിന് 27 സീറ്റുകളാണ് വേണ്ടത്. കഴിഞ്ഞ തവണ 24 സീറ്റ് മാത്രമായിരുന്നു ബിജെപിയ്‌ക്ക് ഉണ്ടായിരുന്നത്. അവിശ്വാസപ്രമേയത്തെ കഷ്‌ടിച്ച് മറികടന്നാണ് കഴിഞ്ഞ തവണ ബിജെപി ഭരണം പൂർത്തിയാക്കിയത്. ഇത്തവണ നഗരസഭയിൽ കോൺഗ്രസിന് നേടാനായത് 13 സീറ്റുകൾ മാത്രം. ഇടതുമുന്നണി ഏഴ് സീറ്റിലേക്ക് ചുരുങ്ങി. നേരത്തെ ഒൻപത് സീറ്റുണ്ടായിരുന്നു.

Web Title: Palakkad municipality bjp cpm conflict jai sree ram posters protest

Next Story
തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ആരംഭിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com