പാലക്കാട്: 24 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങൾ നടന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഏപ്രിൽ 20 വൈകിട്ട് ആറ് മണിവരെയാണ് നിരോധനാജ്ഞ. വെള്ളിയാഴ്ച എലപ്പുള്ളിയിൽ എസ് ഡി പി ഐ പ്രവർത്തകൻ സുബൈറും ശനിയാഴ്ച ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. ഈ കൊലപാതകങ്ങൾക്ക് പിറകെ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു.
അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ മണികണ്ഠനാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. കൊലപാതകങ്ങളെ തുടര്‍ന്ന് സംഘർഷ സാധ്യത ഉടലെടുക്കാനും ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ടാണ് ഉത്തരവെന്ന് അധികൃതർ വ്യക്തമാക്കി.
നിരോധനാജ്ഞ പ്രകാരം പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ ആളുകൾ ഒത്തു ചേരുന്നത് വിലക്കിയിട്ടുണ്ട്. പൊതു സ്ഥലങ്ങളില്‍ യോഗങ്ങൾ, പ്രകടനങ്ങൾ, ഘോഷയാത്രകൾ എന്നിവ ജില്ലയിൽ നിരോധനാജ്ഞാ കാലയളവിൽ നിരോധിച്ചിട്ടുണ്ട്.
ജില്ലയിലേക്ക് കൂടുതല്‍ പൊലീസിനെ വിന്യസിക്കാനും തീരുമാനിച്ചു. മുന്നൂറോളം പൊലീസുകാരെയാണ് അധികമായി ജില്ലയിൽ നിയോഗികക്കും.