പാലക്കാട്: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം കാറ്റിൽ പറത്തി പാലക്കാട് തത്തമംഗലത്ത് കുതിരയോട്ട മത്സരം. അങ്ങാടിവേലയുടെ ഭാഗമായിട്ടാണ് തത്തമംഗലത്ത് കുതിരയോട്ട മത്സരം നടത്തിയത്. മത്സരം കാണാനായി റോഡിന്റെ ഇരുവശങ്ങളിലും ജനങ്ങൾ തടിച്ചു കൂടി. ഒരു കുതിര ജനങ്ങൾക്കിടയിലേക്ക് പാഞ്ഞു കയറിയതായും റിപ്പോർട്ടുണ്ട്.
പൊലീസ് ഇടപെട്ടാണ് മത്സരം നിർത്തിച്ചത്. കോവിഡ് മാനദണ്ഡം ലംഘിച്ച് കുതിരയോട്ട മത്സരം സംഘടിപ്പിച്ച സംഘാടകർ അടക്കം 100 പേർക്കെതിരെ കേസെടുത്തു.
കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ എല്ലാവരും വീട്ടില്‍ത്തന്നെ ഇരിക്കാന്‍ തയാറാകണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ ആവശ്യപ്പെട്ടത്. ഈ ദിവസങ്ങള്‍ നമ്മുടെ കുടുംബത്തിനുവേണ്ടി നമുക്ക് മാറ്റിവയ്ക്കാം. അനാവശ്യമായ യാത്രകളും പരിപാടികളും ഈ ദിവസങ്ങളില്‍ അനുവദനീയമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.