പാലക്കാട്: തേങ്കുറിശ്ശി അനീഷ് കൊലപാതക കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളായ പ്രഭു കുമാർ, സുരേഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇരുവർക്കും എതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇവരെ ഇന്ന് തെളിവെടുപ്പിനായി കൃത്യം നടന്ന സ്ഥലത്തെത്തിക്കും.
വെള്ളിയാഴ്ച പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രണയിച്ച് വിവാഹം കഴിച്ചതിനാണ് എലമന്ദം സ്വദേശി അനീഷിനെ ഭാര്യാവീട്ടുകാർ കൊലപ്പെടുത്തിയത്. തേങ്കുറിശ്ശിക്ക് സമീപം മാനാംകുളമ്പിലാണ് കൊലപാതകം നടന്നത്.
ശനിയാഴ്ച പുലർച്ചെയാണ് പ്രതികളിലൊരാളായ പ്രഭുകുമാറിനെ കോയമ്പത്തൂരിൽ വച്ച് പൊലീസ് പിടികൂടിയത്. കൃത്യം നടന്ന മണിക്കൂറുകൾക്കകം ഒപ്പമുണ്ടായിരുന്ന ബന്ധു സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സാമ്പത്തികമായും ജാതീയമായും പിന്നാക്കം നിൽക്കുന്ന അനീഷ് മകളെ പ്രണയിച്ച് വിവാഹം ചെയ്തതിലുളള സമ്മർദ്ദമാണ് ആണ് കൃതൃത്തിലേക്ക് നയിച്ചതെന്നാണ് പ്രഭുകുമാർ പൊലീസിന് നൽകിയ മൊഴി.
കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. സുപ്രധാനമായ കേസ് ആയതിനാലാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുന്നതെന്ന് പാലക്കാട് എസ് പി പറഞ്ഞു. കേസന്വേഷണത്തിന് ഡിവൈഎസ്പി സുന്ദരൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
അനീഷിനെ കൊലപ്പെടുത്തുമെന്ന് നേരത്തെ ഭീഷണിമുഴക്കിയിരുന്നതായി പ്രധാന സാക്ഷി അരുൺ പറഞ്ഞിരുന്നു. വടിവാളും കമ്പിയും ഉപയോഗിച്ച് സുരേഷും പ്രഭുകുമാറും അനീഷിനെ ആക്രമിക്കുകയായിരുന്നു. ബൈക്കിൽ വരികയായിരുന്ന അനീഷിനെ കമ്പികൊണ്ടടിച്ചുവീഴ്ത്തി വടിവാളു കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. മൂന്ന് മാസത്തിനകം അനീഷിനെ ഇല്ലാതാക്കുമെന്ന് പ്രഭുകുമാർ ഭീഷണി മുഴക്കിയിരുന്നുവെന്നും അരുൺ പറഞ്ഞു.
അനീഷിന്റെ ഇരുകാലുകള്‍ക്കുമാണ് കുത്തേറ്റത്. ദേഹത്ത് മര്‍ദിച്ചതിന്റേയും കഴുത്ത് ഞെരിച്ചതിന്റെയും പാടുകള്‍ ഉണ്ട്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അനീഷ് മരണമടഞ്ഞത്. നിരവധി തവണ ഹരിതയുടെ ബന്ധുക്കൾ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കുടുംബവും പറയുന്നു. ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അനീഷ് വീടിനുള്ളില്‍ തന്നെയായിരുന്നു. അടുത്ത ദിവസങ്ങളിലാണ് അനീഷ് പുറത്തേക്ക് ഇറങ്ങിത്തുടങ്ങിയത്.