പാലക്കാട്: പാലക്കാട് തേങ്കുറിശിയിലെ ദുരഭിമാനക്കൊലയിൽ പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ഹരിത. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യയാണ് ഹരിത.
“ഞാൻ ഇനി ഇവിടെത്തന്നെ ഇരിക്കും. ഇവിടെയിരുന്ന് പഠിച്ച് നല്ലൊരു ജോലി വാങ്ങിച്ച് എന്റെ അപ്പു നോക്കിയ പോലെ അച്ഛനെയും അമ്മയെയും ഞാൻ നോക്കും. അവർക്ക് സർക്കാർ കടുത്ത ശിക്ഷ കൊടുക്കണം. പ്രതികൾക്ക് കടുത്ത ശിക്ഷ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതീക്ഷയല്ല, അത് കൊടുക്കണം,” ഹരിത മാധ്യമങ്ങളോട് പറഞ്ഞു. ഹരിതയുടെ അച്ഛൻ പ്രഭുകുമാർ ആണ് കേസിൽ പ്രധാനപ്രതി.
ഹരിതയെ പഠിപ്പിക്കാനാണ് അനീഷിന്റെ കുടുംബത്തിന്റെ തീരുമാനം. സ്വന്തം മകളെ പോലെ ഹരിതയെ പഠിപ്പിക്കും, സംരക്ഷിക്കും. എന്നാൽ, പഠനത്തിനായി സർക്കാർ സാമ്പത്തിക സഹായം നൽകണമെന്നും അനീഷിന്റെ കുടുംബം ആവശ്യപ്പെടുന്നു.
ഹരിതയുടെ മുത്തച്ഛൻ കുമരേശൻ പിള്ളയ്‌ക്കും കൊലയിൽ പങ്കുണ്ടെന്നാണ് അനീഷിന്റെ കുടുംബത്തിന്റെ ആരോപണം. കുമരേശൻ പിള്ളയ്‌ക്ക് കൊലയിൽ വ്യക്തമായ പങ്കുണ്ടെന്ന് അനീഷിന്റെ അച്ഛനും അമ്മയും പറഞ്ഞു. എന്നാൽ, ആരോപണങ്ങളെല്ലാം കുമരേശൻ പിള്ള നിഷേധിച്ചു.
Read Also: മുന്നോട്ട് കുതിക്കാനുള്ള ആത്മവിശ്വാസമുണ്ട്; ലക്ഷ്യം നവകേരളമെന്ന് മുഖ്യമന്ത്രി
തേങ്കുറിശ്ശി അനീഷ് കൊലപാതക കേസിൽ പ്രതികളുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. പ്രതികളായ പ്രഭുകുമാർ, സുരേഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇരുവർക്കും എതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്‌ച പുലർച്ചെയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പ്രണയിച്ച് വിവാഹം കഴിച്ചതിനാണ് എലമന്ദം സ്വദേശി അനീഷിനെ ഭാര്യാവീട്ടുകാർ കൊലപ്പെടുത്തിയത്. തേങ്കുറിശ്ശിക്ക് സമീപം മാനാംകുളമ്പിലാണ് കൊലപാതകം നടന്നത്.
ശനിയാഴ്ച പുലർച്ചെയാണ് പ്രതികളിലൊരാളായ പ്രഭുകുമാറിനെ കോയമ്പത്തൂരിൽ വച്ച് പൊലീസ് പിടികൂടിയത്. കൃത്യം നടന്ന മണിക്കൂറുകൾക്കകം ഒപ്പമുണ്ടായിരുന്ന ബന്ധു സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സാമ്പത്തികമായും ജാതീയമായും പിന്നാക്കം നിൽക്കുന്ന അനീഷ് മകളെ പ്രണയിച്ച് വിവാഹം ചെയ്തതിലുളള സമ്മർദ്ദമാണ് കൃതൃത്തിലേക്ക് നയിച്ചതെന്നാണ് പ്രഭുകുമാർ പൊലീസിന് നൽകിയ മൊഴി.