Latest News

പാലക്കാട്ടെ ദമ്പതികളുടെ കൊലപാതകം: മകൻ പിടിയിൽ

ഇന്ന് രാവിലെ നാട്ടിൽ എത്തിയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു

Kerala Police, Crime
പ്രതീകാത്മക ചിത്രം

പാലക്കാട്: പുതുപ്പരിയാരത്ത് വൃദ്ധദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകൻ പിടിയിൽ. മൈസൂരിലേക്കു കടന്ന പ്രതിയെ സഹോദരൻ പാലക്കാട്ടേക്കു വിളിച്ചുവരുത്തുകയായിരുന്നു. ഇന്നു രാവിലെ നാട്ടിലെത്തിയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഓട്ടൂര്‍കാടില്‍ റിട്ട. റെയില്‍വേ ജീവനക്കാരന്‍ പ്രതീക്ഷാനഗര്‍ ‘മയൂര’ത്തില്‍ ചന്ദ്രന്‍ (68), ഭാര്യ ദൈവാന എന്ന ദേവി (54) എന്നിവരെയാണ് കഴിഞ്ഞ ദിവസം വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. എറണാകുളത്തുള്ള മകൾ ഫോണിൽ വിളിച്ചിട്ടു കിട്ടാതെയായപ്പോൾ അയൽവാസികളെ വിളിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടത്.

ദേവിയുടെ മൃതദേഹം സ്വീകരണമുറിയിലും ചന്ദ്രന്റേത് കിടപ്പുമുറിയിലുമാണ് കിടന്നിരുന്നത്. ശരീരത്തിലാകെ മാരകമായി മുറിവേറ്റ് രക്തം വാർന്ന നിലയിലായിരുന്നു. വീട്ടിൽനിന്ന് കീടനാശിനിയുടെ കുപ്പിയും പൊലീസ് കണ്ടെടുത്തിരുന്നു.

Also Read: പാലക്കാട് കണ്ടെത്തിയ പുലിക്കുഞ്ഞുങ്ങളിൽ ഒന്നിനെ തള്ളപ്പുലി കൂട്ടിൽ നിന്ന് കൊണ്ടുപോയി

പിന്നീടാണ് മൂത്തമകൻ സനൽ ഇവർക്കൊപ്പം രാത്രി ഉണ്ടായിരുന്നെന്നും പിന്നീട് അയാളെ കാണാനില്ലെന്നും അറിയുന്നത്. മുംബൈയിലെ ജൂവലറിയില്‍ സെയില്‍സ്മാനായി ജോലിചെയ്തിരുന്ന സനല്‍ ആറുമാസത്തിലധികമായി മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം.

മലമ്പുഴ ഇന്‍സ്‌പെക്ടര്‍ സുനില്‍കൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ഉൾപ്പെടെ കണ്ടെത്താനുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Palakkad elderly couple murder son arrested

The moderation of comments is automated and not cleared manually by malayalam.indianexpress.com