പാലക്കാട്: സംസ്ഥാനത്ത് ബിജെപി ഭരണം നിലവിലുള്ള ഏക നഗരസഭയായ പാലക്കാട്, നഗരസഭാധ്യക്ഷയ്ക്കും ഉപാധ്യക്ഷനുമെതിരേയുള്ള യുഡിഎഫ് അവിശ്വാസപ്രമേയം ചര്‍ച്ചയ്ക്ക് വരുന്നതിന് തൊട്ടുമുമ്പ് കോണ്‍ഗ്രസ് അംഗം രാജിവെച്ചു. കോണ്‍ഗ്രസ് കൗണ്‍സിലര്‍ വി.ശരവണനാണ് തിങ്കളാഴ്ച രാവിലെ രാജിക്കത്ത് കൈമാറിയത്. ഇതോടെ അവിശ്വാസം പരാജയപ്പെടുമെന്ന് ഉറപ്പായി.
52 അംഗങ്ങളുള്ള നഗരസഭയില്‍ അവിശ്വാസം പാസാക്കാന്‍ 27 അംഗങ്ങളുടെ പിന്തുണയാണ് ആവശ്യം. ഇവിടെ ബിജെപിക്ക് 24 നഗരസഭാ കൗണ്‍സിലില്‍ അംഗങ്ങളാണ് ഉള്ളത്. 18 അംഗങ്ങളുള്ള യുഡിഎഫിനെ സിപിഎമ്മും വെല്‍ഫെയര്‍ പാര്‍ട്ടിയും പിന്തുണച്ചാല്‍ മാത്രമേ അവിശ്വാസം പാസാകൂ. എന്നാല്‍ ഇതിനു മിനിറ്റുകള്‍ മുമ്പാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍ രാജിക്കത്ത് കൈമാറിയത്. ഇപ്പോള്‍ യുഡിഎഫിന് 17 അംഗങ്ങള്‍ മാത്രമാണ് ഉള്ളത്.
ഒരംഗം മാത്രമുള്ള വെല്‍ഫെയര്‍ പാര്‍ട്ടിയും അവിശ്വാസത്തില്‍ ഒപ്പുവച്ചിട്ടുണ്ടായിരുന്നു. ഒമ്പത് അംഗങ്ങളാണ് എല്‍ഡിഎഫിന് പാലക്കാട് നഗരസഭയില്‍ ഉള്ളത്. യുഡിഎഫിന്റെ അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കാന്‍ തന്നെയായിരുന്നു എല്‍ഡിഎഫിന്റേയും തീരുമാനം. ഇവരില്‍ ആരുടെയെങ്കിലും വോട്ട് അസാധുവായാല്‍ അവിശ്വാസം പരാജയപ്പെടുന്ന സാഹചര്യം നിലനില്‍ക്കെയാണ് യുഡിഎഫ് കൗണ്‍സിലര്‍ രാജിവച്ചത്.