പാലക്കാട്: കോവിഡ് രോഗികളുടെ എണ്ണം അതിവേഗം വർധിക്കുന്നത് പാലക്കാട് ജില്ലയെ പ്രതിസന്ധിയിലാക്കുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് പാലക്കാട് ജില്ലയിലാണ്. 105 പേരാണ് പാലക്കാട് ചികിത്സയിൽ കഴിയുന്നത്.

ജില്ലയിൽ ഇന്ന് 16 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. അബുദാബയിൽ നിന്നെത്തിയ അഞ്ച് പേർക്കും ചെന്നൈ-അഞ്ച്, മുംബൈ-ഒന്ന്, കർണാടക, ഡൽഹി, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്നെത്തിയ ഓരോരുത്തർക്കുമാണ് പാലക്കാട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതുകൂടാതെ രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Read Also: എല്ലാം ശരിയാക്കി; നാളെയ്‌ക്കുള്ള ബുക്കിങ് ഉടൻ ആരംഭിക്കും

രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഹോട്ട്‌സ്‌പോട്ടുകളിൽ നിയന്ത്രണം കർശനമാക്കിയിട്ടുണ്ട്. ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകളുടെ വിവരം കലക്‌ടർ പുറത്തിറക്കിയിട്ടുണ്ട്. പാലക്കാട് ഇന്ന് രണ്ട് പഞ്ചായത്തുകൾ കൂടി ഹോട്ട്‌സ്‌പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി.

പാലക്കാട് ജില്ലയിൽ നിയന്ത്രണങ്ങൾ കർക്കശമാക്കണമെന്ന് മന്ത്രി എ.കെ.ബാലൻ ആവശ്യപ്പെട്ടു. സാമൂഹ്യവ്യാപനത്തിനുള്ള സാധ്യത മന്ത്രി തള്ളിയില്ല. നിയന്ത്രണങ്ങളിൽ ഇളവ് നൽകിയാൽ രോഗബാധിതരുടെ എണ്ണം വർധിക്കും. ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അതിർത്തികളിൽ നിയന്ത്രണം കർശനമാക്കുമെന്നും മന്ത്രി പറഞ്ഞു.

രാേഗികളുടെ എണ്ണത്തിൽ കാസർഗോഡ് ജില്ലയാണ് രണ്ടാം സ്ഥാനത്ത്.  ഇന്ന് മാത്രം ജില്ലയിൽ സ്ഥിരീകരിച്ചത് 18 കേസുകളാണ്. ഇതിൽ 13 പേർ മഹാരാഷ്ട്രയിൽ നിന്നും, ഒരാൾ തമിഴ്‌നാട്ടിൽ നിന്നും വന്ന ആളുകളാണ്. രോഗം സ്ഥിരീകരിച്ച ഒരാളിൽ സ്ത്രീയും ഉൾപ്പെടുന്നു. ജില്ലയിൽ കാേവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 67 ആയി.

Read Also: കേരളത്തില്‍ രോഗവ്യാപനം ദേശീയ ശരാശരിയേക്കാള്‍ വേഗതയില്‍

അതേസമയം, കേരളത്തിൽ ഇന്ന് 84 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ ഏറ്റവും ഉയര്‍ന്ന എണ്ണമാണിത്. ഇതിൽ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് അഞ്ച് പേർക്ക് മാത്രമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രോഗികളുടെ ജില്ല തിരിച്ചുള്ള കണക്കുകൾ

കാസര്‍ഗോഡ് 18

പാലക്കാട് 16

കണ്ണൂര്‍ 10

മലപ്പുറം 8

തിരുവനന്തപുരം 7

തൃശ്ശൂര്‍ 7

കോഴിക്കോട് 6

പത്തനംതിട്ട 6

കോട്ടയം 3

കൊല്ലം 1

ഇടുക്കി 1

ആലപ്പുഴ 1

കേരളത്തിൽ ഇതുവരെ സാമൂഹ്യവ്യാപനമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യവ്യാപനം ഉണ്ടാകില്ലെന്ന് പറയാൻ സാധിക്കില്ല. ജാഗ്രത വേണം. ഇതുവരെ സാമൂഹ്യ വ്യാപനമുണ്ടായിട്ടില്ലെന്നാണ് ടെസ്റ്റുകളിൽ നിന്ന് വ്യക്തമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

“സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നത് ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. അത് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കിലും വ്യക്തമാകും. കാരണം, ഇവിടെ ജനങ്ങള്‍ ജാഗ്രതയോടെ ഒറ്റക്കെട്ടായി പൊരുതുകയാണ്. ഈ രോഗം ഒളിച്ചുവെയ്ക്കാനോ മറച്ചുപിടിക്കാനോ കഴിയില്ല. രോഗം ബാധിച്ചവര്‍ ചികിത്സിച്ചില്ലെങ്കില്‍ മരണത്തിന് ഇടയാകും. കോവിഡ് ബാധിച്ച് ഏറ്റവും കുറഞ്ഞ തോതില്‍ ആളുകള്‍ മരിച്ച സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. നമ്മുടെ മരണനിരക്ക് 0.5 ശതമാനമാണ്. ദേശീയ നിരക്ക് 2.89 ശതമാനം. രോഗമുക്തി നേടുന്നവരുടെ കാര്യത്തിലും കേരളം മുന്നിലാണ്.” മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.