പാലക്കാട്: പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറത്ത് സിനിമാ ഷൂട്ടിങ് ആർഎസ്എസ് പ്രവർത്തകർ തടഞ്ഞതായി റിപ്പോർട്ടുകൾ. കടമ്പഴിപ്പുറം വായില്ലാംകുന്ന് ക്ഷേത്ര പരിസരത്തായിരുന്നു സംഭവം. ഷൂട്ടിങ് നടക്കുന്നതിനിടെ ആർഎസ്എസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തുകയായിരുന്നുവെന്ന് അണിയറപ്രവർത്തകർ പറയുന്നു. ഹിന്ദു-മുസ്ലീം പ്രണയം പ്രമേയമാക്കിയ സിനിമ ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് അവർ ഭീഷണിപ്പെടുത്തിയതായും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
അതേ സമയം ക്ഷേത്രത്തിൽ അനുമതിയില്ലാതെ സിനിമാ ചിത്രീകരണം നടത്തിയപ്പോൾ ചോദ്യം ചെയ്യുകയാണുണ്ടായതെന്നാണ് ബിജെപി പ്രവർത്തകർ പറയുന്നത്. സിനിമയ്ക്കെതിരെ വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു എന്നും അവർ പറയുന്നു.
എന്നാൽ ക്ഷേത്ര അധികൃതരുടെ അനുമതി വാങ്ങിയ ശേഷമാണ് സിനിമയുടെ ചിത്രീകരണം ക്ഷേത്രപരിസരത്ത് ആരംഭിച്ചതെന്നും എന്നാല്‍ ചിത്രീകരണ സമയത്ത് ബിജെപി പ്രവര്‍ത്തകര്‍ എത്തി സിനിമയുടെ കഥ പറയണമെന്ന് ആവശ്യപ്പെടുകയും കഥകേട്ടതോടെ ചിത്രീകരണം നിര്‍ത്തിവെക്കാനാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് അണിയറപ്രവർത്തകരുടെ പരാതിയിൽ പറയുന്നത്. ഷൂട്ടിങ് ഉപകരണങ്ങള്‍ അവർ നശിപ്പിച്ചുവെന്നും അണിയറ പ്രവര്‍ത്തകര്‍ ആരോപിച്ചു.
Read More: വിദ്വേഷ പ്രചാരകർക്കെതിരെ ഉറച്ച ചുവടുമായി വീണ്ടും ജാനകിയും നവീനും
നടപടിയിൽ പുരോഗമന കലാസാഹിത്യ സംഘം പ്രതിഷേധിച്ചു. ജനാധിപത്യകേരളത്തിൽ ആർഎസ്എസിന്റെ ഈ നീക്കം അനുവദിക്കില്ല. സിനിമ തടയുന്ന ആർഎസ്എസ് ഭീകരത ചെറുത്തു തോൽപ്പിക്കും. കടമ്പഴിപ്പുറത്തെ സംഭവത്തിൽ ജനാധിപത്യബോധമുള്ള മുഴുവൻ ജനങ്ങളും പ്രതിഷേധിക്കണമെന്ന് പ്രസിഡന്റ് ഷാജി എൻ കരുണും ജനറൽ സെക്രട്ടറി അശോകൻ ചരുവിലും അഭ്യർഥിച്ചു.