പാലക്കാട്: സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട്ടെ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായില്ല. ഒരു സി.പി.എം അംഗത്തിന്‍റെ വോട്ട് അസാധുവായതാണ് തിരിച്ചടിയായത്. എട്ട് അംഗങ്ങളുള്ള ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ ബിജെപിക്കും കോൺഗ്രസിനും മൂന്ന് അംഗങ്ങളും സിപിഎമ്മിന് രണ്ട് അംഗങ്ങളുമാണുള്ളത്. അവിശ്വാസം പാസാകണമെങ്കിൽ അഞ്ച് അംഗങ്ങളുടെ പിന്തുണ വേണമെന്നാണ് ചട്ടം. എന്നാൽ സിപിഎമ്മിന്റെ ഒരംഗത്തിന്റെ വോട്ട് അസാധുവാകുകയായിരുന്നു.

നഗരസഭയിലെ ബിജെപി ഭരണം സർവത്ര അഴിമതിയിൽ മുങ്ങിയതാണെന്ന് യുഡിഎഫ് ആരോപിക്കുന്നു. നാല് ബിജെപി സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾക്കെതിരേയാണ് യുഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്.

മരാമത്ത്, വികസനം, ആരോഗ്യം, ക്ഷേമം സ്ഥിരസമിതി ചെയർമാന്മാർക്കെതിരെ യഥാക്രമം കൗൺസിലർമാരായ ബി.സുഭാഷ്, എം.മോഹൻബാബു, കെ.മണി, വി.മോഹനൻ എന്നിവരാണ് നോട്ടീസ് നൽകിയത്. നഗരസഭയിലെ 52 അംഗങ്ങളിൽ ബിജെപിക്ക് 24, യുഡിഎഫിന് 18, എൽഡിഎഫ് ഒന്പത്, വെൽഫെയർ പാർട്ടി ഒന്ന് എന്നിങ്ങനെയാണ് അംഗബലം. കേരളത്തിൽ ബിജെപി ഭരിക്കുന്ന ഏക നഗരസഭയാണ് പാലക്കാട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ