പാലക്കാട്: കല്ലോട് എആർ ക്യാംപിലെ പൊലീസുകാരൻ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ ഏഴു പൊലീസുകാരും കീഴടങ്ങി. എഎസ്ഐമാരായ എൻ.റഫീഖ്, പി. ഹരിഗോവിന്ദൻ, സിപിഒമാരായ കെ.സി.മഹേഷ്, എസ്.ശ്രീജിത്, കെ.വൈശാഖ്, വി.ജയേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ എം.മുഹമ്മദ് ആസാദ് എന്നിവരാണു ക്രൈംബ്രാഞ്ച് എസ്‌പിക്കു മുന്നിൽ കീഴടങ്ങിയത്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിരുന്നു.

അട്ടപ്പാടി അഗളി സ്വദേശി എആർ ക്യാംപിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ കുമാറിനെ ജൂലൈ 25 ന് രാത്രിയാണ് ലക്കിടി റെയിൽവേ സ്റ്റേഷനു സമീപം മരിച്ചനിലയിൽ കണ്ടെത്തിയത്. ജാതിവിവേചനത്തെത്തുടർന്നു കുമാർ ആത്മഹത്യ ചെയ്തുവെന്നാണ് ആരോപണം. സംഭവത്തിൽ ക്യാംപിലെ ഏഴു പൊലീസുകാരെ സസ്‌പെൻഡ് ചെയ്യുകയും പിന്നീട് കേസന്വേഷണം സർക്കാർ ക്രൈംബ്രാഞ്ചിനു കൈമാറുകയുമായിരുന്നു.

ആദിവാസി വിഭാഗത്തിൽപ്പെട്ട കുമാറിനെ ഉന്നത ഉദ്യോഗസ്ഥരടക്കം നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ക്യാംപില്‍ ജാതിവിവേചനം ഉണ്ടായിരുന്നെന്നും ഭാര്യ സജിനി ആരോപിച്ചിരുന്നു. അധിക ജോലി ചെയ്യിക്കുകയും ചെയ്തിരുന്നുവെന്നും ഭാര്യ ആരോപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.