കോട്ടയം: പാലാ നഗരസഭ അധ്യക്ഷ സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജയം. ജോസിന്‍ ബിനോ പത്ത് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ആകെ 25 വോട്ടാണു പോൾ ചെയ്തത്. 17 വോട്ട് ജോസിന് ലഭിച്ചു. എതിര്‍ സ്ഥാനാര്‍ഥി വി സി പ്രിന്‍സിന് ഏഴ് വോട്ട് ലഭിച്ചു. ഒരു വോട്ട് അസാധുവായി. പേരെഴുതി ഒപ്പിടാത്തതിനാലാണ് അസാധുവായത്.
സ്ഥാനാര്‍ഥി തര്‍ക്കത്തില്‍ കേരള കോണ്‍ഗ്രസിന് (എം) സിപിഎം വഴങ്ങുകയായിരുന്നു. ഏരിയ കമ്മിറ്റി യോഗത്തിലാണ് ജോസിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനമുണ്ടായത്. നേരത്തെ ബിനു പുളിക്കക്കണ്ടം സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു അഭ്യൂഹം. കറുത്ത വസ്ത്രം ധരിച്ചാണ് ബിനു വോട്ടു ചെയ്യാനായി ഇന്നു നഗരസഭയിലെത്തിയത്. പ്രതിഷേധ സൂചകമല്ലെന്നാണ് ബിനു പ്രതികരിച്ചത്.
നഗരസഭയിലേക്ക് സിപിഎം ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച ഏക വ്യക്തിയായ ബിനു പുളിക്കക്കണ്ടം സ്ഥാനാര്‍ഥിയാകുന്നതില്‍ കേരള കോണ്‍ഗ്രസ് (എം) എതിര്‍പ്പ് ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് സിപിഎം ജോസിനെ തിരഞ്ഞെടുത്തത്. നഗരസഭയില്‍ കേരള കോണ്‍ഗ്രസ് എമ്മിന് പത്തും സിപിഎമ്മിന് ആറും സിപിഐക്ക് ഒന്നും അംഗങ്ങളാണുള്ളത്.
നേരത്തെ ബിനു നഗരസഭയില്‍ വച്ച് കേരള കോണ്‍ഗ്രസ് എമ്മിന്റെ അംഗമായ ബൈജു കോല്ലപദമ്പലിനെ മര്‍ദിച്ചിരുന്നു. ഇതാണ് കേരള കോണ്‍ഗ്രസ് (എം) എതിര്‍പ്പ് ഉന്നയിക്കാനുള്ള പ്രധാന കാരണം. ആദ്യത്തെയും അവസാനത്തെയും രണ്ടു വര്‍ഷം കേരള കോണ്‍ഗ്രസ് എമ്മിനും ഇടയിലുള്ള ഒരു വര്‍ഷം സിപിഎമ്മിനും അധ്യക്ഷസ്ഥാനമെന്നാണു മുന്നണി ധാരണ.
അധ്യക്ഷ സ്ഥാനം സംബന്ധിച്ച എല്‍ഡിഎഫില്‍ നേരത്തെ തന്നെ തര്‍ക്കം നിലനിന്നിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബിനു അല്ലാതെ മറ്റാര് വന്നാലും എതിര്‍പ്പില്ലെന്നായിരുന്നു കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണിയുടെ നിലപാട്. സിപിഎം തീരുമാനം അംഗീകരിക്കുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.