കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ ചരിത്രം വിജയം നേടിയതിനു പിന്നാലെ യുഡിഎഫിനെ പരിഹസിച്ച് മാണി സി.കാപ്പന്‍. യുഡിഎഫ് വാങ്ങിയ പടക്കങ്ങളും ലഡുവും പകുതി വിലയ്ക്ക് വാങ്ങുമെന്നു മാണി സി.കാപ്പൻ പ്രതികരിച്ചു. ചാനല്‍ അഭിമുഖത്തിലായിരുന്നു മാണി സി.കാപ്പന്റെ പ്രതികരണം.

Read More: പാലായിൽ ചരിത്രമെഴുതി ‘രണ്ടാം മാണി’; ഇടതുപക്ഷത്തിന് അട്ടിമറി വിജയം

യുഡിഎഫുകാര്‍ വിജയം ആഘോഷിക്കാനായി ലഡുവും പടക്കവുമെല്ലാം വാങ്ങിയിരിക്കുകയാണല്ലോ, എന്താണ് നിങ്ങളുടെ പരിപാടിയെന്നായിരുന്നു വോട്ടെണ്ണല്‍ പകുതിഘട്ടത്തിലെത്തിയപ്പോൾ കാപ്പനോട് അവതാരകന്‍ ചോദിച്ചത്. ഞങ്ങള്‍ യുഡിഎഫില്‍ നിന്നും പകുതി വിലയ്ക്ക് ലഡുവും പടക്കവുമെല്ലാം വാങ്ങുമെന്നായിരുന്നു മാണി സി.കാപ്പന്‍ നല്‍കിയ മറുപടി. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

കെ.എം.മാണിക്കൊപ്പം മാത്രമെന്നും നിന്നിട്ടുള്ള പാല മണ്ഡലം ഇതാദ്യമായി കേരള കോണ്‍ഗ്രസിനെ കൈവിട്ടു. 2,943 വോട്ടുകള്‍ക്കാണ് ഇടത് മുന്നണിയുടെ മാണി സി കാപ്പന്‍ വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിനെയാണ് മാണി സി.കാപ്പന്‍ പരാജയപ്പെടുത്തിയത്.

Also Read: യുപിഎ ഘടകകക്ഷിക്ക് പാലായില്‍ വിജയം; സെല്‍ഫ് ട്രോളുമായി ബല്‍റാം

മാണി സി.കാപ്പന് 54,137 വോട്ടുകള്‍ ലഭിച്ചപ്പോള്‍ രണ്ടാമതുള്ള യുഡിഎഫിന്റെ ജോസ് ടോമിന് 51,194 വോട്ടുകളാണ് നേടാനായത്. എന്‍ഡിഎ സ്ഥാനാർഥി എന്‍.ഹരിക്ക് 18044 വോട്ടുകളാണ് നേടാനായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.