കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ ജോസ് ടോം യുഡിഎഫ് സ്ഥാനാര്‍ത്ഥി. മീനച്ചില്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതയംഗവുമാണ് ജോസ്. യുഡിഎഫ് യോഗത്തിലാണ് തീരുമാനം. നിഷ ജോസ് കെ മാണി മത്സരിക്കാനില്ലെന്ന് ജോസ് കെ മാണി വിഭാഗം അറിയിച്ചു. സ്ഥാനാര്‍ത്ഥി മാണി കുടുംബത്തില്‍ നി്‌നും പുറത്ത് നിന്നുമായിരിക്കുമെന്ന് തോമസ് ചാഴിക്കാടന്‍ എംപിയും പറഞ്ഞിരുന്നു.

കെ.എസ്.എസിയിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ടോം പുലിക്കുന്നേല്‍ മാണി കുടുംബത്തിന്റെ വിശ്വസ്തനാണ്. സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ കൂടിയാണ് ഇദ്ദേഹം.

നേരത്തെ, ചിഹ്നം തരാൻ പി ജെ ജോസഫ് തയ്യാറായില്ലെങ്കിൽ സ്വതന്ത്രചിഹ്നത്തിൽ മത്സരിക്കാനും മടിക്കില്ലെന്നാണ് ജോസ് കെ മാണി പറഞ്ഞിരുന്നു. രണ്ടിലച്ചിഹ്നത്തിൽ ജോസഫ് അനാവശ്യവിവാദങ്ങൾ തുടർന്നാൽ സ്വതന്ത്രരായി മത്സരിക്കുന്ന നീക്കവുമായി മുന്നോട്ടു പോകുമെന്ന് ജോസ് കെ മാണി യുഡിഎഫിനെ അറിയിച്ചിരുന്നു.

Read More: രണ്ടിലയൊക്കെ ഉണ്ടാകും, സ്ഥാനാര്‍ഥി വിജയിക്കുകയും ചെയ്യും: ജോസ് കെ.മാണി

പാലാ ഉപതിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാര്‍ഥിയെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്ന് ജോസ് കെ.മാണി രാവിലെ പ്രതികരിച്ചിരുന്നു. ഐക്യജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി രാത്രിയോടെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുമെന്നും ജോസ് കെ.മാണി പറഞ്ഞിരുന്നു.

സ്വതന്ത്രരായി മത്സരിക്കുമെന്ന് പറഞ്ഞെങ്കിലും സ്ഥാനാര്‍ഥിക്ക് രണ്ടില ചിഹ്നമുണ്ടാകുമെന്നും ജോസ് കെ.മാണി പറഞ്ഞിരുന്നു. “കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് രണ്ടില ചിഹ്നമുണ്ടാകും. സ്ഥാനാര്‍ഥി വിജയിക്കുകയും ചെയ്യും. ഏറ്റവും ഉചിതമായ തീരുമാനമായിരിക്കും പാര്‍ട്ടി സ്വീകരിക്കുക” ജോസ് കെ.മാണി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം പാലായിൽ നിഷാ ജോസ് കെ മാണി മത്സരിക്കാൻ സാധ്യത കുറവെന്നാണ് ഇന്ന് രാവിലെ പി ജെ ജോസഫ് പ്രതികരിച്ചത്. സമവായമുണ്ടാക്കാൻ യുഡിഎഫ് വിളിച്ച യോഗത്തിൽ പങ്കെടുക്കുമെന്നും ജോസഫ് പറഞ്ഞു.

Read More: യുഡിഎഫ് സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കും; നിഷയെന്ന് സൂചന

പരോക്ഷമായി നേരത്തെ തന്നെ പി.ജെ.ജോസഫ് നിഷയുടെ സ്ഥാനാര്‍ഥിത്വം തള്ളിയിരുന്നു. വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിക്കു മാത്രമേ പാര്‍ട്ടി ചിഹ്നം നല്‍കൂ എന്നാണ് പി.ജെ.ജോസഫ് നേരത്തെ വ്യക്തമാക്കിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.