പാലാ: പാലാ ഉപതിരഞ്ഞെടുപ്പിൽ നിഷ ജോസ്.കെ.മാണിയെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യവുമായി യൂത്ത് ഫ്രണ്ടും വനിത ഫ്രണ്ടും. കെ.എം.മാണിയുടെ കുടുംബത്തിൽ നിന്ന് തന്നെ സ്ഥാനാർഥി വേണമെന്നണ് പൊതുവികാരം. നിലവിൽ രാജ്യസഭാംഗമായ ജോസ്.കെ.മാണി ആ സ്ഥാനം രാജിവച്ചാൽ സീറ്റ് എൽഡിഎഫിന് പോകുമെന്ന സാഹചര്യമുള്ളതിനാൽ രാജിവച്ച് മത്സരിക്കാൻ യുഡിഎഫ് നേതൃത്വം എതിർപ്പ് പ്രകടിപ്പിക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ സ്ഥാനാർഥിത്വം നിഷയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പാലാ ഉപതിരഞ്ഞെടുപ്പില്‍ കരിങ്ങോഴയ്ക്കല്‍ തറവാട്ടില്‍ നിന്ന് ഒരു വനിതാ സ്ഥാനാര്‍ഥി വേണമെന്ന ആവശ്യവുമായി കേരളാ കോണ്‍ഗ്രസ് വനിതാ വിഭാഗം രംഗത്തെത്തുകയായിരുന്നു. കേരള കോണ്‍ഗ്രസ് (എം) വനിതാ ഫ്രണ്ട് ഇക്കാര്യത്തില്‍ പ്രമേയം പാസാക്കുകയും ചെയ്തു. നിഷ ജോസ് കെ.മാണി തന്നെ സ്ഥാനാര്‍ഥിയാകണമെന്നാണ് വനിതാ വിഭാഗം ആവശ്യപ്പെടുന്നത്.

Also Read: നിഷ ദയനീയ പരാജയമായിരിക്കും; ഷോണ്‍ സ്ഥാനാര്‍ഥിയാകില്ല: പി.സി.ജോര്‍ജ്

പാലായിൽ ജോസ് കെ.മാണിയോ ഭാര്യ നിഷ ജോസ് കെ.മാണിയോ തന്നെ സ്ഥാനാർഥിയാകണമെന്നാണ് യൂത്ത് ഫ്രണ്ടിന്റെയും ആവശ്യം. പാലായിലെ സ്ഥാനാർഥി നിർണയത്തിൽ പി.ജെ.ജോസഫ് ഇടപെടേണ്ടതില്ലെന്നും യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ് സാജൻ തൊടുക പറഞ്ഞു.

അതേസമയം, കേരള കോൺഗ്രസ് (എം) ജോസ് കെ.മാണി വിഭാഗത്തിലെ സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന് ഉച്ചയ്ക്ക് ചേരുന്നുണ്ട്. യോഗത്തിന് ശേഷം സ്ഥാനാർഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനവും പ്രഖ്യാപനവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളാ കോണ്‍ഗ്രസിലെ ഭിന്നത പരിഹരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടുകയാണെങ്കില്‍ മധ്യസ്ഥ ശ്രമങ്ങള്‍ നടത്താന്‍ തയ്യാറാണെന്ന് യുഡിഎഫും പറയുന്നു. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ വിജയിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.