പാലാ: കേരളാ കോണ്‍ഗ്രസ് (എം) പൊട്ടിത്തെറിയുടെ വക്കില്‍. പാലായില്‍ മത്സരിക്കാന്‍ പി.ജെ.ജോസഫ് വിഭാഗം നേതാവും നാമനിര്‍ദേശ പത്രിക നല്‍കി. ജോസ് കെ.മാണിയെ പ്രതിരോധത്തിലാക്കുന്നതാണ് പുതിയ നീക്കം.

കര്‍ഷക യൂണിയന്‍ സെക്രട്ടറി ജോസഫ് കണ്ടത്തിലാണ് ഇന്ന് നാമനിര്‍ദേശ പത്രിക നല്‍കിയിരിക്കുന്നത്. ജോസഫ് വിഭാഗത്തിലെ മുതിര്‍ന്ന നേതാവാണ് ഇദ്ദേഹം. ജോസഫിന്റെ പി.എ.സുധീഷ് കൈമളും വരണാധികാരിയെ സമീപിച്ചിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനാണ് പത്രിക നല്‍കിയിരിക്കുന്നത്. ഡമ്മി സ്ഥാനാര്‍ഥിയെന്നാണ് ജോസഫ് പക്ഷം വാദിക്കുന്നത്.

രണ്ടില ചിഹ്നം ജോസ് കെ.മാണിക്ക് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ജോസഫ് വിഭാഗം ഒരു കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍, രണ്ടില ലഭിക്കണമെന്ന് അറിയിച്ച് ജോസ് കെ.മാണിയും വരണാധികാരിക്ക് കത്ത് നല്‍കി. ജോസ് കെ.മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റീഫന്‍ ജോര്‍ജാണ് അസിസ്റ്റന്റ് വരണാധികാരിക്ക് കത്ത് നല്‍കിയിരിക്കുന്നത്.

അസിസ്റ്റന്റ് വരണാധികാരിക്ക് പി.ജെ.ജോസഫിന്റെ പിഎ നൽകിയ കത്തിൽ പറയുന്നത് കേരളാ കോൺഗ്രസ് എമ്മിന് സ്ഥാനാർഥിയില്ല എന്നാണ്. ജോസ് കെ.മാണി വിഭാഗം പ്രഖ്യാപിച്ച ജോസ് ടോമിനെ ജോസഫ് വിഭാഗം കേരളാ കോൺഗ്രസ് സ്ഥാനാർഥിയായി അംഗീകരിക്കുന്നില്ല. യുഡിഎഫ് സ്ഥാനാർഥി മാത്രമാണ് ജോസ് ടോം എന്നാണ് പി.ജെ.ജോസഫ് വിഭാഗം നൽകുന്ന വിശദീകരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.