പാലാ: പാലായിൽ യുഡിഎഫ് സ്ഥാനാർഥിയായ താൻ തോറ്റാൽ അത് പി.ജെ.ജോസഫിനും ക്ഷീണം ചെയ്യുമെന്ന് ജോസ് ടോം പുലിക്കുന്നേൽ. പി.ജെ.ജോസഫ് യുഡിഎഫിന്റെ സമുന്നതനായ നേതാവാണ്. തിരഞ്ഞെടുപ്പിൽ തോറ്റാൽ അത് ജോസഫ് സാറിനും ദോഷമാണ്. എന്നാൽ, അങ്ങനെയൊന്നും സംഭവിക്കില്ല എന്നാണ് വിശ്വസിക്കുന്നത് എന്നും ജോസ് ടോം പറഞ്ഞു.

“സ്ഥാനാർഥിയെ നിർണയിച്ചത് ജോസ് കെ.മാണിയാണ്. താൻ തന്നെയാണ് പാലായിലെ യുഡിഎഫ് സ്ഥാനാർഥി. ചിഹ്നത്തെ കുറിച്ച് പ്രതികരിക്കാനില്ല. നാളെ 11 ന് നാമനിർദേശ പത്രിക സമർപ്പിക്കും. തോറ്റാൽ യുഡിഎഫിലെ ഘടക കക്ഷികൾക്കെല്ലാം അത് ക്ഷീണമാണ്. ജോസഫ് സാറിനും അത് ക്ഷീണം ചെയ്യും. പാലായിൽ വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ”-ജോസ് ടോം പറഞ്ഞു.

ചിഹ്നവുമായി ബന്ധപ്പെട്ട് യുഡിഎഫിലും കേരളാ കോൺഗ്രസിലും ചർച്ച നടക്കുകയാണ്. പി.ജെ.ജോസഫ് വഴങ്ങാത്തതാണ് രണ്ടില ചിഹ്നം കിട്ടാതിരിക്കാനുള്ള കാരണം. അതിനിടയിലാണ് യുഡിഎഫ് സ്ഥാനാർഥിയുടെ പ്രതികരണം.

പാലാ ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയില്ലെന്ന് പി.ജെ ജോസഫ് രാവിലെ പറഞ്ഞിരുന്നു. ജോസ് ടോം പുലിക്കുന്നേലിന്റെ നാമനിർദ്ദേശ പത്രികയിൽ ഒപ്പുവയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജോസ് ടോം വേണമെങ്കിൽ സ്വതന്ത്രനായി മത്സരിക്കട്ടെയെന്നും എന്നാൽ പ്രചാരണത്തിനായി താൻ ഇറങ്ങുമെന്നും പി.ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

യുഡിഎഫ് മുന്നണിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് ജോസഫ് കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു. യുഡിഎഫ് പ്രചാരണത്തിനായി രംഗത്തിറങ്ങും. യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ പിന്തുണക്കുകയാണെന്നും ജോസഫ് പറഞ്ഞിരുന്നു. എന്നാൽ യുഡിഎഫ് സ്ഥാനാർത്ഥിയായല്ല, ജോസ് ടോം സ്വതന്ത്രനായി മത്സരിക്കേണ്ടി വരുമെന്നാണ് ഇപ്പോൾ പി.ജെ ജോസഫ് പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.