കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥിക്ക് രണ്ടില ചിഹ്നം തരില്ലെന്ന നിലപാടിലുറച്ച് പി.ജെ ജോസഫ്. ഇക്കാര്യം കോൺഗ്രസ് നേതാക്കൾ വഴി ജോസ്.കെ.മാണിയെ അറിയിച്ചു. അതേസമയം തർക്കം തുടരുമ്പോഴും ജോസ് ടോമിനായി ജോസഫ് വിഭാഗം പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. മോൻസ് ജോസഫ് എംഎൽഎയാണ് ആദ്യഘട്ടത്തിൽ പഞ്ചായത്ത് കൺവെൻഷനുകളിൽ പങ്കെടുക്കുന്നത്.

ജോസ് ടോം പുലിക്കുന്നേല്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെന്ന നിലയിലും സ്വതന്ത്രനെന്ന നിലയിലും രണ്ട് തരത്തിലുള്ള പത്രികകളാകും നല്‍കുക. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എൻ ഹരിയും ഇന്ന് പത്രിക സമര്‍പ്പിക്കും.

Read More: ജോസഫ് ഉടക്കി; ജോസ് ടോമിന്റെ നാമനിർദ്ദേശ പത്രികയിൽ ഒപ്പു വയ്ക്കില്ല

കേരളാ കോണ്‍ഗ്രസ് ചെയര്‍മാൻ എന്ന നിലയില്‍ ജോസ് കെ മാണിയുടെ കത്ത് സഹിതമായിരിക്കും ജോസ് ടോം പുലിക്കുന്നേല്‍ ആദ്യ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക. ടോം ജോസിന്റെ നാമനിർദ്ദേശ പത്രികയിൽ ഒപ്പുവയ്ക്കില്ലെന്ന് പി.ജെ ജോസഫ് നേരത്തേ വ്യക്തമാക്കിയിരുന്നു. ടോം ജോസ് സ്വതന്ത്രനായി മത്സരിക്കട്ടെ എന്നായിരുന്നു ജോസഫിന്റെ പ്രതികരണം.

എന്നാൽ യുഡിഎഫ് മുന്നണിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് ജോസഫ് കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു. യുഡിഎഫ് പ്രചാരണത്തിനായി രംഗത്തിറങ്ങും. യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ പിന്തുണക്കുകയാണെന്നും ജോസഫ് പറഞ്ഞിരുന്നു. എന്നാൽ യുഡിഎഫ് സ്ഥാനാർത്ഥിയായല്ല, ജോസ് ടോം സ്വതന്ത്രനായി മത്സരിക്കേണ്ടി വരുമെന്നാണ് പി.ജെ ജോസഫ് പറയുന്നത്.

ജോസ് ടോം തന്നോട് ചിഹ്നം ആവശ്യപ്പെട്ടിട്ടില്ലെന്നും, ജോസ് കെ.മാണിയാണ് പാർട്ടി ചെയർമാൻ എന്നാണ് ജോസ് ടോമിന്റെ വാദമെന്നും പിന്നെ തനിക്കെങ്ങനെയാണ് ചിഹ്നം അനുവദിക്കാനാകുക എന്നും പി.ജെ ജോസഫ് പറഞ്ഞു.

Read More: യുഡിഎഫ് സ്ഥാനാർഥി തോറ്റാൽ ജോസഫ് സാറിനും ക്ഷീണം ചെയ്യും: ജോസ് ടോം

അതേസമയം, പാലായിൽ യുഡിഎഫ് സ്ഥാനാർഥിയായ താൻ തോറ്റാൽ അത് പി.ജെ.ജോസഫിനും ക്ഷീണം ചെയ്യുമെന്നായിരുന്നു ജോസ് ടോം പുലിക്കുന്നേലിന്റെ പ്രതികരണം. പി.ജെ.ജോസഫ് യുഡിഎഫിന്റെ സമുന്നതനായ നേതാവാണ്. തിരഞ്ഞെടുപ്പിൽ തോറ്റാൽ അത് ജോസഫ് സാറിനും ദോഷമാണ്. എന്നാൽ, അങ്ങനെയൊന്നും സംഭവിക്കില്ല എന്നാണ് വിശ്വസിക്കുന്നത് എന്നും ജോസ് ടോം പറഞ്ഞു.

“സ്ഥാനാർഥിയെ നിർണയിച്ചത് ജോസ് കെ.മാണിയാണ്. താൻ തന്നെയാണ് പാലായിലെ യുഡിഎഫ് സ്ഥാനാർഥി. ചിഹ്നത്തെ കുറിച്ച് പ്രതികരിക്കാനില്ല. നാളെ 11 ന് നാമനിർദേശ പത്രിക സമർപ്പിക്കും. തോറ്റാൽ യുഡിഎഫിലെ ഘടക കക്ഷികൾക്കെല്ലാം അത് ക്ഷീണമാണ്. ജോസഫ് സാറിനും അത് ക്ഷീണം ചെയ്യും. പാലായിൽ വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ”-ജോസ് ടോം പറഞ്ഞു.

പാലാ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.